'ഒരു യുഗത്തിന്റെ അന്ത്യം'; രന്തംബോറിലെ ആരോഹെഡ് കടുവ വിടവാങ്ങി, ശ്രദ്ധനേടി അവസാന മണിക്കൂറുകളിലെ വീഡിയോ
ജയ്‌പൂർ: രന്തംബോർ കടുവാ സങ്കേതത്തിലെ പേരുകേട്ട പെൺകടുവയായ ആരോഹെഡ് ചത്തു. 14 വയസായിരുന്നു. കടുവ ചത്ത വിവരം വ്യാഴാഴ്ച്ചയോടെയാണ് അധികൃതർ പുറത്തുവിട്ടത്. കടുവയുടെ മകളെ മറ്റൊരു കടുവാ സങ്കേതത്തിലേക്ക് മാറ്റി മണിക്കൂറുകൾക്കകമാണ് ആരോഹെഡ് ചത്തത്. ഇതിനിടെ പ്രശസ്ത ഫോട്ടോഗ്രാഫറായ സച്ചിൻ റായ്, ആരോഹെഡിന്റെ അവസാനനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി.
ജൂൺ 17നാണ് അദ്ദേഹം കടുവയുടെ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോടൊപ്പം ഒരു കുറിപ്പും സച്ചിൻ റോയ് പങ്കുവച്ചിട്ടുണ്ട്. തലാബ് നദീതീരത്തിലൂടെ ആരോഹെഡ് വളരെ പ്രയാസപ്പെട്ട് നടക്കുന്നതും ഒരു മരത്തിനിടയിൽ വീഴുന്നതുവരെ കടുവ അവശയായാണ് കണ്ടതെന്നും കുറിപ്പിൽ പറയുന്നു. 'ജൂൺ 17ന് വൈകുന്നേരം പഥം തലാബ് നദിയുടെ സമീപത്തായാണ് കടുവയെ കണ്ടത്. ഒരുപാട് വർഷങ്ങൾ ഈ തീരത്തിലൂടെ കരുത്തോടെ നടന്നതായിരുന്നു ആരോഹെഡ്. കടുവയുടെ അവശനില കാണുമ്പോൾ ഹൃദയം തകർന്നുപോകുന്നു. മുന്നോട്ട് നടക്കാൻ വളരെയധികം പ്രയാസപ്പെടുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഞാൻ ആരോഹെഡിനെ പിന്തുടർന്ന് ചിത്രങ്ങൾ പകർത്തുമായിരുന്നു'- സച്ചിൻ റോയ് കുറിച്ചു.
ഇന്ത്യയിലെ പ്രസിദ്ധമായ കടുവ വംശ പരമ്പരയിലെ മുതിർന്ന അംഗമായ ആരോഹെഡ്, ഏറെ പ്രശസ്ത കടുവയായ മച്ഛലിയുടെ മകൾ കൃഷ്ണയാണ് അമ്മ. ആരോഹെഡ് അസ്ഥിയിൽ ക്യാൻസർ ബാധിച്ച് ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു. രന്തംബോറിന്റെ ഒരു യുഗത്തിന്റെ അവസാനത്തെയാണ് ആരോഹെഡിന്റെ മരണം പ്രതീകപ്പെടുത്തുന്നത്.