തെങ്ങ് കൃഷിയോട് മുഖംതിരിച്ച് കർഷകർ, കെട്ടിക്കിടക്കുന്നു 8 ലക്ഷം തൈകൾ
കോട്ടയം : തെങ്ങ് കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടത്തുന്ന തെങ്ങിൻ തൈ വിതരണം കർഷകരുടെ നിസഹകരണം മൂലം പാളി. തേങ്ങയ്‌ക്കും, വെളിച്ചെണ്ണയ്‌ക്കും വില വർദ്ധിച്ചതോടെ തെങ്ങ് കൃഷിയിലേക്ക് നിരവധി കർഷകർ മാറുമെന്ന പ്രതീക്ഷയാണ് തെറ്റിയത്. 12 ലക്ഷം തൈകളാണ് എത്തിച്ചത്. വിതരണം ചെയ്തതാകട്ടെ 4 ലക്ഷം. കഴിഞ്ഞ തവണ അഞ്ചര ലക്ഷം തൈകളായിരുന്നു വിതരണത്തിന് തയ്യാറാക്കിയത്. അതും ഭൂരിഭാഗവും ആരും മേടിച്ചില്ല. മുൻ കാലങ്ങളിൽ ജൂൺ, ജൂലായ് മാസങ്ങളിലായിരുന്നു വിതരണമെങ്കിൽ ഇത്തവണ ഏപ്രിൽ പകുതി മുതൽ തുടങ്ങി. 2028 ഓടെ ഹെക്ടറിൽ 8500 തേങ്ങ ഉത്പാദിപ്പിക്കുകയായിരുന്നു കൃഷി വകുപ്പിന്റെ ലക്ഷ്യം. നാടൻ തൈ ഒന്നിന് 50 രൂപ, സങ്കര ഇനത്തിന് 125 രൂപ എന്ന നിരക്കിലായിരുന്നു വിതരണം. കൃഷി ഭവൻ വഴിയുള്ള വിതരണത്തിന് കൃഷി ഓഫീസർമാർക്കാണ് ചുമതല. കർഷകർ പിന്മാറിയതോടെ കൃഷി ഓഫീസുകളിൽ മറ്റ് ആവശ്യത്തിനെത്തുന്നവർക്ക് തൈ നിർബന്ധിച്ച് തൈ നൽകേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
വന്യമൃഗ ശല്യത്താൽ മനംമടുത്ത്
മലയോര മേഖലയിലടക്കം വന്യമൃഗ ശല്യം രൂക്ഷമായതോടെ കർഷകർ നിരാശയിലാണ്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്തടക്കം കൃഷിയിടങ്ങളിൽ വ്യാപകനാശമാണ് വരുത്തുന്നത്. കൃഷി നശിച്ചാൽ നഷ്ടപരിഹാരവും തുച്ഛമാണ്. റബർ നഷ്ടക്കച്ചവടമായതോടെ നിരവധിപ്പേർ തെങ്ങ് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ പലതും കാട്ടുമൃഗങ്ങൾ നശിപ്പിച്ചു. ഇതാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്. ചെല്ലി ശല്യമാണ് മറ്റൊരു ഭീഷണി. നിരവധി മരുന്നുകൾ കർഷകർ പ്രയോഗിച്ചെങ്കിലും ഫലമില്ല. ഫിറമോൺ കെണിവെച്ച് ചെല്ലികളെ കെണിയിലേക്ക് ആകർഷിച്ച് നശിപ്പിക്കുന്നതോ മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്പുകളിൽ വെട്ടിയിട്ട് കത്തിച്ചുനശിപ്പിക്കുയോയാണ് ഇവയെ തുരത്താനുള്ള ഏകമാർഗം.
വിതരണം ചെയ്യും, പിന്നെ കൈയൊഴിയും
പരിപാലനത്തിനായി കൃഷിവകുപ്പ് ഒന്നും ചെയ്യുന്നില്ല
10 വർഷത്തിനിടെ കൃഷിയിറക്കിയ പലർക്കും കൈപൊള്ളി
ഡിമാൻഡ് 3 വർഷം കൊണ്ട് കായ്ഫലം തരുന്ന തൈ
സങ്കരയിനമായ കുള്ളൻ തൈകളാണ് പലരും നട്ടത്
നാടൻ തൈ ഒന്നിന് : 50 രൂപ
സങ്കര ഇനത്തിന് : 125 രൂപ
''വന്യജീവി , ചെല്ലിശല്യം തുടങ്ങിയവ നേരത്തെ മുതലുണ്ട്. എന്നാൽ ഇതിനൊന്നും പരിഹാരം കാണാനോ പഠനം നടത്താനോ തയ്യാറാകാതെയാണ് കൃഷി വകുപ്പ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്.
-(കർഷകർ)