ദൃശ്യം 3ന്റെ ചിത്രീകരണം തുടങ്ങാൻ ഇനി മാസങ്ങൾ മാത്രം, പുതിയ അപ്‌ഡേറ്റ് പങ്കുവച്ച് മോഹൻലാൽ

Saturday 21 June 2025 5:37 PM IST

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന മോഹൻലാൽ -ജിത്തു ജോസഫ് ചിത്രം ദൃശ്യം 3ന്റെ പുതിയ അപ്‌ഡേറ്റ് എത്തി. ദൃശ്യം 3ന്റെ ചിത്രീകരണം ഇക്കൊല്ലം ഒക്‌ടോബറിൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാൽ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം വിവരം പങ്കുവച്ചത്. '2025 ഒക്ടോബർ - ക്യാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമാകുന്നില്ല'- എന്നാണ് മോഹൻലാൽ കുറിച്ചത്. ഇതിനൊപ്പം ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

മലയാളികളെ ഏറെ ത്രില്ലടിപ്പിച്ച സിനിമയാണ് ദൃശ്യം. മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം വൻ വിജയമായതോടെ രണ്ടാം ഭാഗവും ഇറക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ദൃശ്യവും ദൃശ്യം 2വും റിലീസ് ആയതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമോയെന്ന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നിരന്തരം ചോദ്യങ്ങളുണ്ടായിരുന്നു. പിന്നാലെ ദൃശ്യം 3 ഉണ്ടാകുമെന്ന് അടുത്തിടെ മോഹൻലാൽ സ്ഥിരീകരിച്ചിരുന്നു. ഗലാട്ട തമിഴിന് വേണ്ടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ദൃശ്യം. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, ആശാ ശരത്, ഇർഷാദ്, റോഷൻ ബഷീർ, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായർ, പി ശ്രീകുമാർ, ശോഭ മോഹൻ, കലാഭവൻ റഹ്‌മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശർമ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുൺ എസ് , ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഇതിൽ ഭൂരിഭാഗംപേരും ഉണ്ടായിരുന്നു. വിനു തോമസാണ് ചിത്രത്തിൽ സംഗീതം പകർന്നത്. അനിൽ ജോൺസണാണ് പശ്ചാത്തല സംഗീതം. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചത്.