ദൃശ്യം 3 ഒക്ടോബറിൽ
ജോർജുകുട്ടിയുടെ അവസാന വരവ്
മോഹൻലാൽ -ജീത്തുജോസഫ് ചിത്രം ദൃശ്യം 3 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാൻ തീരുമാനം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി ജോർജ്‌കുട്ടിയുടെ അവസാന വരവാണിത്. രണ്ടു ഭാഗങ്ങളും ചിത്രീകരിച്ച തൊടുപുഴയിൽ തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.മലയാള സിനിമയുടെ കളക്‌ഷൻ റെക്കാഡുകൾ ഭേദിച്ച ചിത്രമാണ് ദൃശ്യം. ദൃശ്യം 2 ഒ.ടി. ടി റിലീസായി പോയതിന്റെ നിരാശ ഇപ്പോഴും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ബിജു മേനോൻ -ജോജു ജോർജ് ചിത്രം വലതുവശത്തെ കള്ളൻ പൂർത്തിയാക്കുന്ന തിരക്കിലാണ് ജീത്തു ജോസഫ്. ഇതിനുശേഷം ദൃശ്യം 3 ലേക്ക് പ്രവേശിക്കും. മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രവും ദിലീപിന്റെ ഭ.ഭ.ബയും പൂർത്തിയാക്കിയശേഷം മോഹൻലാൽ ദൃശ്യം 3ൽ ജോയിൻ ചെയും. മഹേഷ് നാരായണൻ ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂളിൽ മമ്മൂട്ടി, മോഹൻലാൽ, നയൻതാര ഉൾപ്പെടുന്ന താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഭ.ഭ.ബയിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക. ജൂലായ് ആദ്യ ആഴ്ചയിൽ മോഹൻലാലിന്റെ രംഗങ്ങൾ ചിത്രീകരിക്കാനാണ് തീരുമാനം. അതേസമയം ഹിന്ദിയിലും ദൃശ്യം 3 ഒരുങ്ങുന്നുണ്ട്. അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്‌ഗൺ തന്നെയാണ് നായകൻ. 2022ൽ റിലീസ് ചെയ്ത ദൃശ്യം 2 ഹിന്ദി റീമേക്ക് സംവിധാനം ചെയ്തതും അഭിഷേക് പതകും നായകൻ അജയ് ദേവ്‌ഗണും ആയിരുന്നു. ഫെബ്രുവരി 20നാണ് മലയാളം ദൃശ്യം 3 പ്രഖ്യാപിച്ചത്.