ശിവൻകുട്ടി സഖാവിന്റെ വണ്ടർഫുൾ പൂഴിക്കടകൻ

Sunday 22 June 2025 3:07 AM IST

ഏത് ഫാസിസ്റ്റ് നീക്കത്തെയും ജനാധിപത്യ രീതിയിൽ വിനയത്തോടെ നേരിടുന്നതാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ രീതി. കാവിയും വെള്ളയും പച്ചയും കൃത്യ അനുപാതത്തിൽ ഇടകലർത്തിയ കളർഫുൾ സാരിയണിഞ്ഞ ഭാരതമാതാവിനെ ഒരു ഡെക്കറേഷനും ഇല്ലാത്ത വെറും കാവി സാരി ചുറ്റിച്ച ഗവർണർ ആർ.വി. ആർലേക്കർക്ക് ശക്തമായ താക്കീതാണ് സഖാവ് പക്വതയോടെ നൽകിയത്. 'മിസ്റ്റർ ഫാസിസ്റ്റ് ഗവർണർ, ഗെറ്റൗട്ട് ഫ്രം അവർ ഡെമോക്രാറ്റിക് കേരള കൺട്രി" എന്ന് വ്യംഗ്യമായെങ്കിലും പറയാനുള്ള ചങ്കൂറ്റം മറ്റാർക്കും ഉണ്ടാവില്ല. പത്താം ക്ലാസ്, ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ ഗവർണറുടെ അധികാരവും കടമയും ഉൾപ്പെടുത്താനാണ് വിദ്യാഭ്യാസമന്ത്രിയുടെ തന്ത്രപരമായ നീക്കം. ഇറാഖിലെ സദ്ദാം ഹുസൈന്റെ സ്‌കഡ് മിസൈലിനെ പേട്രിയറ്റ് മിസൈൽ പ്രയോഗിച്ച് അമേരിക്ക പണ്ട് നിഷ്പ്രഭമാക്കിയ അതേ പരിപാടി. ഇതിലൂടെ രണ്ട് സുപ്രധാന നീക്കങ്ങളാണ് നടത്തിയത്. ഈ പാഠപുസ്തകങ്ങൾ വായിച്ച്, സ്വന്തം അധികാര പരിധിയെന്തെന്ന് ഗവർണർ മനസിലാക്കുകയും മാനസാന്തരമുണ്ടാവുകയും ചെയ്യും. മറ്റൊന്ന്, ഗവർണർ ഭീകരനാണെന്നു ഭാവി തലമുറ തിരിച്ചറിയും. കുട്ടിസഖാക്കൾ രാജ്ഭവനെതിരെ സായുധ നീക്കം നടത്താൻ സാദ്ധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞാൽ രാഷ്ട്രപതി വരെ പേടിക്കും. നിശബ്ദമായ ആണവായുധം, സോറി ബ്രഹ്മാസ്ത്രം ആണിതെന്ന് കട്ട സംഘികളും അടക്കം പറഞ്ഞുതുടങ്ങി. അതാണ് സഖാവ് ശിവൻകുട്ടി. 'വാട്ട് ആൻ ഐഡിയ സർജി" എന്ന പണ്ടത്തെ പരസ്യവാചകം ഇപ്പോഴാണ് പ്രസക്തമായത്. സർ സി.പിയുടെ തീതുപ്പുന്ന തോക്കുകൾക്കു മുന്നിലേക്ക് വാരിക്കുന്തങ്ങളുമായി ചാടിവീണ ധീരസഖാക്കളുടെ പ്രസ്ഥാനമാണിതെന്ന് കാവിയണിഞ്ഞ ഗവർണർ ഇനിയെങ്കിലും മനസിലാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. വെടക്കാക്കി തനിക്കാക്കാനുള്ള പൂതി വിപ്ലവകേരളത്തിൽ നടപ്പില്ല. സംശയമുണ്ടെങ്കിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ചോദിച്ചാൽ മതി. രായ്ക്കുരാമാനം മൂപ്പര് എസ്‌കേപ്പ് ആവുകയായിരുന്നു. എന്താണ് ജനാധിപത്യം, രാഷ്ട്രീയ മര്യാദകൾ എന്നൊക്കെ ഇനിയെങ്കിലും മന്ത്രി ശിവൻകുട്ടിയോടു ചോദിച്ച് ഗവർണർ ആർലേക്കർ പഠിക്കണം. വിദ്യ അഭ്യസിക്കാൻ പ്രായം തടസമല്ല. പരിപ്പ് അഥവാ ദാൽ വേവിച്ച് ഉണക്കച്ചപ്പാത്തിയുടെ കൂടെ കുഴച്ചടിക്കുന്ന വടക്കൻമാരെ കുട്ടി സഖാക്കൾ ഓർമ്മപ്പെടുത്തിയത് കേരളം മറന്നിട്ടില്ല. മുൻ ഗവർണർ സംഘി ഖാൻ തൃശൂർ കേരളവർമ്മ കോളേജിൽ എത്തിയപ്പോൾ, 'നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല" എന്ന് സിമ്പിളായി ബാനർ എഴുതി ഞെട്ടിച്ചിരുന്നു. മലയാളമറിയാത്ത കക്ഷിക്ക് കാര്യങ്ങൾ വെടിപ്പായി മനസിലാക്കാൻ ' യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ" എന്ന് ഇംഗ്ലീഷിൽ എഴുതുകയായിരുന്നു. അതുകണ്ട് ഗവർണർ കോളേജിൽനിന്ന് ഇറങ്ങിയോടിയത് ചരിത്രം.

ഫാസിസ്റ്റുകളുടെ

പേടിസ്വപ്നം

ജനാധിപത്യം സംരക്ഷിക്കാൻ നിയമസഭയിൽ സ്പീക്കറുടെ ചേംബറിലെത്തി മാർഗനിർദ്ദേശങ്ങൾ നൽകിയ അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് ശിവൻകുട്ടി സഖാവ്. ഫാസിസ്റ്റ് ബിംബങ്ങളായ വലിയ ചാരുകസേര, മൈക്ക് തുടങ്ങിയവ എയറിൽ കറങ്ങി താഴെ ക്രാഷ് ലാൻഡ് ചെയ്തത് ആരും മറന്നിട്ടില്ല. അന്ന് അതിനു സ്തുതി പാടിയവരാണ് സംഘികൾ. സംഗതി ശിവതാണ്ഡവം ആണെന്നും സഖാവിന്റെ ആത്മീയ ഔന്നത്യമാണിതെന്നും വിലയിരുത്തപ്പെട്ടു. ചില അന്തർധാരകളുടെ പോക്ക് എങ്ങോട്ടാണെന്ന് അന്നേ കോൺഗ്രസുകാർക്ക് മനസിലായിരുന്നു. ഇതിനെതിരെ ആഞ്ഞടിക്കാൻ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചെങ്കിലും, അറിവില്ലാ പൈതങ്ങളോട് ക്ഷമിക്കാനായിരുന്നു രാഹുൽജിയുടെ ഉപദേശം. ഈ ശുദ്ധഗതിയാണ് കോൺഗ്രസിന്റെ കരുത്ത്. കാലം അതു തെളിയിക്കും. ഭാരത മാതാവിനെ അരെങ്കിലും നേരിട്ടു കണ്ടിട്ടുണ്ടോയെന്നാണ് ശിവൻകുട്ടി സഖാവിന്റെയും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെയുമെല്ലാം ചോദ്യം. അടിയന്തരാവസ്ഥക്കാലത്ത് കാവിക്കാരുടെ കൂടെ ജയിലിൽ ഭായി-ഭായി ആയി കിടന്നപ്പോൾ സഖാക്കൾ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്നാണ് സംഘികൾ പറയുന്നത്. അന്നൊക്കെ ഭാരതാംബയെ വലിയ ഇഷ്ടമായിരുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നത്രേ. പൊലീസിന്റെ സൊയമ്പൻ ഇടി മർമ്മത്തിൽ കൊള്ളുമ്പോൾ ആരും 'അമ്മേ" എന്നു വിളിക്കില്ലേയെന്നാണ് ഇതിനുള്ള ന്യൂജെൻ സഖാക്കളുടെ മറുപടി. ശരീരം വേദനിക്കുമ്പോൾ അയ്യോ എന്റെ മാർക്‌സേ, ഏംഗൽസേ എന്നു വിളിച്ച് സോവിയറ്റ് സഖാക്കൾ പോലും നിലവിളിച്ചിട്ടുണ്ടാവില്ല. കണ്ണിൽ പൊന്നീച്ച പറക്കുമ്പോൾ മുന്നിൽ പല രൂപങ്ങളും തെളിയും. അതിലൊന്ന് ഈ പറയുന്ന ഭാരതമാതാവ് ആയിരുന്നിരിക്കാം. ഇതൊക്കെ വിശദമായി ചോദിച്ചറിയാൻ പറ്റിയ ആരും ഇപ്പോഴില്ലതാനും. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞു.

ഇടിവെട്ടിയ

ഇരിപ്പുവശം! കാണാത്തയൊരാളെ സാരിയുടുപ്പിച്ച് സഖാക്കളെക്കൊണ്ട് ചുളുവിൽ താമരപ്പൂവ് കൊണ്ട് അർച്ചന നടത്തിക്കാനുള്ള ഗവർണറുടെ നീക്കം നടപ്പില്ലെന്ന് മോഡേൺ സഖാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. പരിപ്പുവടയും കട്ടനുമൊക്കെ പോയി. കെ.എഫ്.സിയും പെപ്‌സിയുമെത്തി. സാങ്കൽപിക ബിംബങ്ങളെ ആരാധിക്കുന്ന ഏർപ്പാടില്ല. നേരിൽ കാണുന്നതേ വിപ്ലവകാരികൾ വിശ്വസിക്കൂ. രക്തസാക്ഷികളുടെ ചിത്രത്തിൽ രക്തഹാരം അണിയിച്ചേ ശീലമുള്ളൂ. രാജ്യത്തെ സ്ത്രീയായി കാണാതെ പുരുഷനായി കണ്ടാലെന്താണെന്ന ചോദ്യവും ഉയർന്നു തുടങ്ങി.

കാഴ്ചയിൽ പാവത്താൻ ആണെങ്കിലും ആരിഫ് മുഹമ്മദ് ഖാനെക്കാൾ കടുപ്പക്കാരനാണ് ആർലേക്കറെന്ന് ഇപ്പോൾ മനസിലായി. സംഘികൾ മനസിൽ ഒളിപ്പിച്ചിരുന്ന ഭാരത മാതാവ് ഇപ്പോൾ താരമായി. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഇരിപ്പുവശവും ഠിം!. ഇത്തരമൊരു വിവാദമുണ്ടാക്കിയത് സി.പി.ഐയുടെ ആസൂത്രിത നീക്കമായിരുന്നോ എന്ന സംശയവും ചില സഖാക്കൾക്കുണ്ട്. തിരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തിൽ ചിലതെല്ലാം കണ്ടില്ലെന്നു നടിക്കാമായിരുന്നു എന്ന് ചില മൂത്ത സഖാക്കൾ സ്വകാര്യമായി പറഞ്ഞുതുടങ്ങി. പലതും കാണാതിരിക്കാനാണ് കണ്ണുകൾ എന്നു പണ്ട് ആരോ പറഞ്ഞത് എത്ര ശരി.