ജനങ്ങൾക്കു വേണ്ടാത്ത വിവാദങ്ങൾ
വായനയുടെ ലോകത്തേക്ക് പുതുതലമുറ വായനക്കാരെ കാന്തം കൊണ്ടെന്നപോലെ ആകർഷിക്കുന്ന അഖിൽ പി. ധർമ്മജന്റെ 'റാം C/o ആനന്ദി" എന്ന നോവലിന് യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചത് ഒരു വിഭാഗം എഴുത്തുകാർ വലിയ വിവാദമാക്കിയിരിക്കുകയാണ്. ഇത് അത്യന്തം നിർഭാഗ്യകരമാണ്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽത്തന്നെ അമ്പതിലധികം പതിപ്പുകളിലായി നാലുലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ നോവലാണിത്. അതിന്റെ വായനക്കാരിൽ ഏറെയും പുതിയ തലമുറയിൽപ്പെട്ട യുവജനങ്ങളുമാണ്. അവരുടെ ഭാവുകത്വത്തെ പിടിച്ചുലയ്‌ക്കാൻ ആ നോവലിന് കഴിയുന്നുണ്ട് എന്നാണതിന്റെ അർത്ഥം. മലയാള സാഹിത്യത്തിൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട പല പുസ്തകങ്ങളുമുണ്ട്. എന്നാൽ ഏതാനും വർഷം കൊണ്ട് നാലുലക്ഷത്തിലേറെ കോപ്പികൾ വിറ്റു എന്നു വരുന്നത് തികച്ചും അസാധാരണമാണ്. കോപ്പികൾ വിറ്റഴിയുന്നത് രചനയെ വിലയിരുത്താനുള്ള മാനദണ്ഡമല്ലെന്ന് വാദിക്കാമെങ്കിലും സാഹിത്യകൃതികളെ കാലാതിവർത്തിയാക്കുന്നത് വായനക്കാരാണെന്ന സത്യം വിസ്മരിച്ചുകൂട.
അഖിൽ പി. ധർമ്മജൻ എന്ന യുവ എഴുത്തുകാരൻ സ്വന്തം അനുഭവങ്ങളെ ഫിക്‌ഷനുമായി വിളക്കിച്ചേർത്ത് രചിച്ചിട്ടുള്ള കൃതിയാണിത്. റാം എന്നു പേരുള്ള മലയാളി യുവാവ് ചെന്നൈയിൽ സിനിമാ പഠനത്തിനായി ചെന്നെത്തുന്നതും അവിടെ നേരിടുന്ന അനുഭവങ്ങളും കോർത്തിണക്കിയ കഥയാണ് നോവൽ പറയുന്നത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക പശ്ചാത്തലം ഇതൾ വിരിക്കുന്ന നോവലിൽ പ്രണയവും യാത്രയും നർമ്മവും സംഘർഷങ്ങളുമൊക്കെയുണ്ട്. ഭിന്ന ലിംഗക്കാരുടെയും ശ്രീലങ്കൻ ജനതയുടെയും ധർമ്മസങ്കടങ്ങളുടെ ആർദ്രമായ ചിത്രവും നോവൽ സമ്മാനിക്കുന്നുണ്ട്. 'ഈ നോവലിനെ ഒരു സിനിമാറ്റിക് നോവൽ എന്നു വിളിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു സിനിമ കാണാൻ ടിക്കറ്റെടുത്ത അതേ മനസോടെ ഈ നോവലിനെ കാണണമെന്നും" ആമുഖത്തിൽ അഖിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനെ പൈങ്കിളി നോവൽ എന്ന് പരിഹാസ രൂപേണ പരാമർശിച്ചാണ് കേന്ദ്ര സാഹിത്യ അക്കാഡമി മാപ്പർഹിക്കാത്ത കുറ്റം ചെയ്‌തിരിക്കുന്നു എന്ന മട്ടിൽ ചില സാഹിത്യവിശാരദർ ആക്ഷേപം ഉന്നയിക്കുന്നത്.
സാഹിത്യാസ്വാദനത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ആരാണ് ഇക്കൂട്ടരെ ചുമതലപ്പെടുത്തിയത് എന്നറിയില്ല. സാഹിത്യാസ്വാദന ശീലങ്ങളും ഭാവുകത്വവുമൊക്കെ കാലവും ജീവിതവും മാറുന്നതനുസരിച്ച് മാറി വരും എന്നറിയാവത്തവരാണോ ഈ വിമർശകർ. ഇവരിൽ പലരും ഒരു ഘട്ടത്തിൽ പൈങ്കിളിയെന്ന് ആക്ഷേപിച്ച എഴുത്തുകാരനായിരുന്നുവല്ലോ മുട്ടത്തു വർക്കി. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മുട്ടത്തുവർക്കി അവാർഡ് നേടിയവരൊക്കെ ലബ്‌ധപ്രതിഷ്ഠരായിരുന്നു എന്നോർക്കുന്നത് കൗതുകകരമായിരിക്കും. വിമർശനം നടത്തിയവർ അത്യാധുനികമെന്ന് പുകഴ്‌ത്തുന്ന ചില രചനകൾ കൃത്രിമത്വം കൊണ്ട് നിറച്ചതാണെന്ന് നന്നായി വായിക്കുന്നവർക്ക് അറിയാം. ആ രചനകളിൽ നിന്ന് ചോർന്നുപോകുന്നതാകട്ടെ യഥാർത്ഥ ജീവിതവും.
പുതിയ വായനക്കാരെ വായനയുടെ മാന്ത്രിക ലോകത്തേക്ക് ആനയിക്കുന്ന അഖിൽ പി. ധർമ്മജനെ ചുരുങ്ങിയപക്ഷം കല്ലെറിയുകയെങ്കിലും ചെയ്യാതിരിക്കാം. അയാൾ എഴുതട്ടെ. ആ എഴുത്തിന് വായനക്കാരുമായി സംവദിക്കാൻ കഴിയുന്നതുകൊണ്ടായിരിക്കുമല്ലോ ഇത്രയേറെപ്പേർ ആ പുസ്‌തകം വായിച്ചാസ്വദിച്ചത്. ആലപ്പുഴ പാതിരപ്പള്ളിയിലെ ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച് ജീവിതത്തോട് പടവെട്ടിയാണ് ഈ 32കാരൻ എഴുത്തിന്റെ ലോകത്തേക്കെത്തിയത്. എഴുതിയ പുസ്‌തകം സ്വയം കൊണ്ടുനടന്നു വിറ്റ ചരിത്രവും ഈ എഴുത്തുകാരനുണ്ട്. അതുകൊണ്ട് വായനയുടെ പൂത്തുലയുന്ന വസന്തകാലത്തിലേക്ക് നമ്മുടെ പുതിയ തലമുറയെ കൂട്ടിക്കൊണ്ടുപോകാൻ അഖിൽ പി. ധർമ്മജന്റെ മഷിത്തണ്ട് പൂർവാധികം ഊർജ്ജസ്വലതയോടെ ഹരിതാഭമായിരിക്കട്ടെ എന്നു ഞങ്ങൾ ആശംസിക്കുന്നു. അതോടൊപ്പം കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയതിൽ അഭിനന്ദിക്കുകയും ചെയ്യുന്നു.