വീണ്ടും 'മെയ് ഡേ' സന്ദേശം, ചെന്നൈയിലിറങ്ങാന്‍ സാധിക്കാതെ ഇന്‍ഡിഗോ വിമാനം

Saturday 21 June 2025 7:36 PM IST

ബംഗളൂരു: അഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുമ്പ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുവാഹത്തിയില്‍ നിന്നും ചെന്നൈയിലേക്ക് പറന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. വിമാനത്തിലെ ഇന്ധനം ഗണ്യമായി കുറഞ്ഞതോടെ പൈലറ്റ് മെയ് ഡേ കോള്‍ നല്‍കിയെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒടുവില്‍ ബംഗളൂരു വിമാനത്താവളത്തില്‍ 168 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെയാണ് ആശങ്ക അകന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്‍ഡിഗോ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. ഇന്‍ഡിഗോയുടെ 6E-6764 വിമാനം, വ്യാഴാഴ്ച വൈകുന്നേരം 7:45 ഓടെ ചെന്നൈയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെന്നൈയിലെ എയര്‍ ട്രാഫിക് കൂടുതലായിരുന്നത് കാരണം ഇത് നടന്നില്ല. തുടര്‍ന്ന് ബംഗളൂരുവിലേക്ക് തിരിച്ചു പറക്കുകയായിരുന്നു.

രാത്രി 8:20ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ലാന്‍ഡിംഗ് സമയത്ത് മെഡിക്കല്‍, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സജ്ജരായിരുന്നു, പരമാവധി സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കിയിരുന്നതായി വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ, രണ്ട് പൈലറ്റുമാരെയും ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം അറിയിച്ചു.