ഫിഷ് ഫാം ഉടമയുടെ മരണം : ശാസ്ത്രീയ പരിശോധന

Sunday 22 June 2025 1:16 AM IST

കോട്ടയം : ഫിഷ് ഫാം ഉടമ ടി.വി പുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ മരണത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. മരണത്തിലെ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 11 നാണ് സംഭവം. കൊലപാതക സാദ്ധ്യതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിപിന്റെ ഭാര്യ അനില കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിനെ നേരിൽ കണ്ട് പരാതി നൽകി. വിപിന്റെ ബാങ്കുകളിലെ ഇടപാടുവിവരങ്ങളും ഫോൺ വിളികളുടെ രേഖകളും കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആന്തരികാവയവങ്ങളും രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിപിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ ഇഷ്ടികകളും പ്ലാസ്റ്റിക് ചരടും ഫാമിലുണ്ടായിരുന്നതല്ലെന്നാണ് അനില പറയുന്നത്. വിപിന്റെ മരണത്തിലെ ദുരൂഹത നീക്കുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തിൽ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.