കോട്ടയം നഗരം കടക്കാൻ കാത്തിരിപ്പ് മുറുകുന്ന കുരുക്ക്, തളരുന്നു യാത്രികർ
കോട്ടയം : ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ? കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടുന്നവരുടെ പതിവ് ചോദ്യമാണ്. വല്ലാത്ത ദുരിതം തന്നെ. പകൽസമയം കോട്ടയം നഗരത്തിലേക്ക് വാഹനവുമായി എത്താൻ കഴിയാത്ത അവസ്ഥ. കോടിമത, ടി.ബി റോഡ്, സെൻട്രൽ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, ലേഗോസ്, ശാസ്ത്രി റോഡ്, കഞ്ഞിക്കുഴി തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. സ്റ്റാർ ജംഗ്ഷനിലെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ മുതൽ തുടങ്ങി കുരുക്ക് സന്ധ്യ വരെ നീണ്ടു. പ്രധാന റോഡുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതനിയന്ത്രണത്തിനുണ്ടായിരുന്നെങ്കിലും കുരുക്ക് അഴിക്കാൻ പെടാപ്പാടുപെട്ടു. വാഹനത്തിരക്ക് മൂലം ഒന്ന് റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രികരും ബുദ്ധിമുട്ടി. വാഹനങ്ങൾ ഈരയിൽക്കടവ്, കോടിമത ബൈപ്പാസിലൂടെ തിരിച്ചുവിട്ടതോടെ ഇടറോഡുകളടക്കം നിശ്ചലമായി. രാവിലെ ഓഫീസിലും മറ്റ് ആവശ്യങ്ങൾക്കും എത്തിയവർ കുരുക്കിൽപ്പെട്ടു.
വില്ലനായത് കലുങ്ക് നിർമ്മാണം
സ്റ്റാർ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കലുങ്ക് നിർമാണം ആരംഭിച്ചത്. റോഡിന്റെ ഒരു ഭാഗം ഭാഗികമായി അടച്ചിരുന്നു. ഇന്നലെ മറുവശത്തും നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. നിർമ്മാണം സംബന്ധിച്ച് മുന്നറിയിപ്പും നൽകിയില്ല. തിരക്കേറിയ റോഡിൽ പകൽ സമയത്ത് നിർമ്മാണം നടത്തിയത് പ്രതിഷേധത്തിനും ഇടയാക്കി. ആദ്യഘട്ടത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
പുതിയ പരിഷ്‌കാരവും ഫലംകണ്ടില്ല നഗരമദ്ധ്യത്തിൽ ബേക്കർ ജംഗ്ഷൻ, ശാസ്ത്രി റോഡ് എന്നിവിടങ്ങളിൽ ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്തിയെങ്കിലും കുരുക്കിനെ മറികടക്കാനായില്ല. സ്വകാര്യബസുകളുടെ ട്രിപ്പ് സമയവും അഴിയാക്കുരുക്കിൽ താളംതെറ്റി. ആംബുലൻസുകൾ പോലും സെൻട്രൽ ജംഗ്ഷനിൽ പെട്ടുപോയി.
''ഒരു കിലോ മീറ്റർ ദൂരം പിന്നിടാൻ ഒരു മണിക്കൂറോളം എടുത്തു. രാവിലെയും വൈകുന്നേരങ്ങളിലും കോടിമത മുതൽ തിരുനക്കര വരെ കടന്നുകിട്ടാൻ നല്ലനേരം നോക്കണം. ഇതിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കണം.
(യാത്രക്കാർ)