50 യുദ്ധവിമാനങ്ങള്‍ അണിനിരത്തി ഇസ്രായേല്‍, ലക്ഷ്യം ഇറാന്റെ പ്രധാന ആണവ കേന്ദ്രം
ടെല്‍ അവീവ്: ഇറാന്റെ ആണവകേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേലിന്റെ വ്യോമാക്രമണം.ടെല്‍ അവീവില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേല്‍ തിരിച്ചടിച്ചിരിക്കുന്നത്. ജൂണ്‍ 13ന് ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ വ്യോമാക്രമണം നടത്തിയത്. ഈ ഓപ്പറേഷന്റെ ഭാഗമായി 50 യുദ്ധവിമാനങ്ങള്‍ അണിനിരത്തിയെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം തങ്ങളുടെ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ ഇസ്ഫാഹാന്‍ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് ഇസ്രായേലിന്റെ ആക്രമണം നടന്നത്. യുറേനിയം സമ്പുഷ്ടീകരണ സൗകര്യവും ആണവ ഇന്ധന ഉത്പാദനകേന്ദ്രവും ഇസ്ഫാഹാനിലുണ്ട്. ഇസ്ഫാഹാനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണപദ്ധതി വിജയിച്ചതായി ഇസ്രയേലി ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ഇസ്ഫഹാന്‍ കൂടാതെ മറ്റു ചില സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായും ഇസ്രായേല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 470 ലധികം ബാലിസ്റ്റിക് മിസൈലുകളും ആയിരത്തിലധകം ഡ്രോണുകളുമാണ് ഇസ്രായേലിനെതിരെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ ഇറാന്‍ പ്രയോഗിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ട അഞ്ച് മിസൈലുകളും ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംഘം പ്രതിരോധിച്ചു. ടെല്‍ അവീവും പരിസരപ്രദേശങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ശനിയാഴ്ച പുലര്‍ച്ചെയുള്ള ആക്രമണം.