കഞ്ഞിപ്പാടം എൽ.പി സ്കൂളിൽ അദ്ധ്യയനം മുടങ്ങില്ല
അമ്പലപ്പുഴ : സർക്കാർ ഏറ്റെടുത്ത കഞ്ഞിപ്പാടം എൽ.പി സ്കൂളിൽ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനെത്തുടർന്ന് അദ്ധ്യയനം മുടങ്ങില്ല. ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. എച്ച്.സലാം എം.എൽ.എയും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരീസും സ്കൂൾ സന്ദർശിച്ചു. കെ.സി.വേണുഗോപാൽ എം.പിയുടെ ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ കെട്ടിടത്തിന് നമ്പർ ലഭിക്കാത്തതിന്റെ സാങ്കേതികതടസം നീക്കി നമ്പർ ലഭ്യമാക്കാനും രണ്ട് ക്ളാസുകളുടെ അദ്ധ്യയനം നടത്താനായി, പഞ്ചായത്തിന്റെ അധീനതയിൽ സമീപത്തുള്ള കെ.വിജയൻ സാംസ്ക്കാരിക നിലയത്തിന്റെ കെട്ടിടം വാടകയ്ക്കെടുക്കാനും തീരുമാനമായി.
106 വർഷം പഴക്കമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ നിർമ്മാണത്തിന് രണ്ടു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും എച്ച്.സലാം അനുവദിച്ചിട്ടുണ്ട്. എന്നാൽ, മഴക്കാലം കഴിഞ്ഞാൽ മാത്രമേ കെട്ടിടം നിർമ്മാണം നടത്താനാവുകയുള്ളൂ. 5 ഡിവിഷനുകളിലായി 40ഓളം വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. കെട്ടിട നമ്പർ ഇട്ടു കഴിഞ്ഞാൽ 2 ക്ലാസുകൾ കമ്പ്യൂർ കെട്ടിടത്തിൽ നടത്താം. 20 വർഷത്തോളം പഴക്കമുള്ള മറ്റൊരു ഹാളിൽ 2 ക്ലാസുകളും നടത്താനാവും. ഒരു പ്രീപ്രൈമറി ക്ലാസും 5 എൽ .പി ഡിവിഷനു മുൾപ്പടെ 6 ക്ലാസുമുറികളാണ് നിലവിൽ വേണ്ടത്. സാംസ്ക്കാരിക നിലയത്തിന്റെ 2 മുറികൾ വാടകയ്ക്കെടുത്താൽ ഇതും നടത്താനാവും.