ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാം

Sunday 22 June 2025 2:54 AM IST

ആലപ്പുഴ: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകൾക്കുമുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്നവർക്ക് അപേക്ഷിക്കാം. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്‌ളോറിംങ് ഫിനിഷിംങ്/പ്ലംബിംങ്/സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഈ തുക തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന ലഭിക്കും.വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ നൽകാം. അപേക്ഷാ ഫോം www.minoritywellfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അവസാന തീയതി: ജൂലായ് 31.