വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യവിരുദ്ധം
അമ്പലപ്പുഴ : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന വളരെ ഖേദകകരമാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. പൊതു വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുക എന്നുള്ളത് പ്രധാനാധ്യാപകരുടെ മാത്രം ബാധ്യതയല്ല. സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്. ഉച്ചഭക്ഷണ പദ്ധതിക്കായി ഇപ്പോൾ അനുവദിച്ചിട്ടുള്ള തുക പ്രൈമറി മേഖലയ്ക്ക് ആറു രൂപ 78 പൈസയും അപ്പർ പ്രൈമറി മേഖലയിൽ പത്തു രൂപ 17 പൈസയും മാത്രമാണ്. മന്ത്രി പ്രഖ്യാപിച്ച മെനു നൽകണമെങ്കിൽ ഏറ്റവും കുറഞ്ഞത് നൂറു കുട്ടികൾ വരെ ഉള്ളിടത്ത് രണ്ട് പാചക തൊഴിലാളികൾ എങ്കിലും ഉണ്ടാകണം. പ്രഖ്യാപിത മെനുപ്രകാരം ഒരു കുട്ടിക്ക് നിലവിലെ കമ്പോള നിലവാരം അനുസരിച്ച് 15 രൂപയെങ്കിലും നൽകിയാൽ മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്ന് കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ആർ.രാധാകൃഷ്ണപ്പൈ, പ്രസിഡന്റ് സിജി.എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശിവശ്രീ.പി.എസ്, എക്സിക്യൂട്ടിവ് അംഗം ജേക്കബ് ജോൺ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.