പുതിയ ബൈക്കിന്റെ പുറകിലെ വീൽ മോഷ്ടിച്ചു
മലയിൻകീഴ്: പയനിയർ ബജാജിൽ നിന്നും വില്പനയ്ക്കായി മലയിൻകീഴ് കരിപ്പൂര് എം.കെ ബജാജിലെ ഷോറൂമിലെത്തിച്ച ബജാജ് ഡോമിനാർ 400 സി.സി ബൈക്കിന്റെ പുറക് ഭാഗത്തെ ടയറും അനുബന്ധഭാഗങ്ങളും ഷോറൂമിൽ നിന്ന് മോഷ്ടിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.സമീപത്തെ സി.സി.ടിവി ക്യാമറ ദൃശ്യത്തിൽ നിന്നും രാത്രി 12.30ന് ഷോറൂമിന് സമീപം മോഷ്ടാവെന്നു കരുതുന്നയാളിന്റെ അപൂർണമായ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഷോറൂമിന് വെളിയിലുണ്ടായിരുന്ന വാഹനം മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ് വീൽ ഊരിയെടുത്തിട്ടുള്ളത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കിൽ നിന്നും അരലക്ഷം രൂപ വിലയുള്ള യന്ത്രഭാഗങ്ങളാണ് കവർന്നത്. ഇന്നലെ വില്പന നടത്തുന്നതിന് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി സൂക്ഷിച്ചിരുന്നതാണ് വാഹനം. മലയിൻകീഴ് പൊലീസിൽ ഷോറും ഉടമ എം.കെ.ജയകുമാർ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് പൊലീസ് പറഞ്ഞു.