അമ്പലനടയിൽ കാറും തടി ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് : പ്രദേശം ഗതാഗതക്കുരുക്കിൽ

Sunday 22 June 2025 12:11 AM IST

മുളങ്കുന്നത്തുകാവ് : മുളങ്കുന്നത്തുകാവ് അമ്പലനടയിൽ കാറും തടി ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഇന്നലെ പുലർച്ചയോടെയുണ്ടായ അപകടത്തെ തുടർന്ന് മണിക്കൂറുകളോളം പ്രദേശം ഗതാഗതക്കുരുക്കിൽ അമർന്നു. തിരൂർ മുതൽ അത്താണി വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. തൃശൂർ ഭാഗത്ത് നിന്നും ഷൊർണൂർ ഭാഗത്തേക്ക് സഞ്ചരിച്ച കാറും നിലമ്പൂരിൽ നിന്നും തടിയുമായി വന്നിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി ചെരിയുകയും തടി മറ്റൊരു വാഹനത്തിൽ മാറ്റിക്കയറ്റേണ്ട അവസ്ഥയും ഉണ്ടായത് ഗതാഗതക്കുരുക്കിന് ഇടയാക്കി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.