യോഗ ലോകത്തെ ഒന്നിപ്പിച്ചു:മോദി
ന്യൂഡൽഹി: ' എല്ലാ അതിരുകൾക്കും അതീതമാണ് യോഗ. അത് ലോകത്തെ ഒന്നിപ്പിച്ചു"-ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആർ.കെ. ബീച്ചിൽ 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
യോഗ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ലോകവുമായി ഐക്യപ്പെടാനുള്ള യാത്രയാണത്. 'ഏക ഭൂമിക്കും ഏകാരോഗ്യത്തിനും യോഗ" എന്ന ഈ വർഷത്തെ പ്രമേയം ഭൂമിയിലെ എല്ലാ വസ്‌തുക്കളും ആരോഗ്യപരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നു. പരസ്പരം കണ്ണി ചേർക്കുന്ന ഈ സംവിധാനത്തിലേക്ക് യോഗ നമ്മെ കൂട്ടിച്ചേർക്കുന്നു. നാം ഒറ്റയല്ലെന്നും പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്നും യോഗ പഠിപ്പിക്കുന്നു. ‘ഞാൻ’ എന്നതിൽനിന്ന് ‘നാം’ എന്നതിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. മാനവരാശിയുടെ ജീവശ്വാസവും സന്തുലിതാവസ്ഥയും അതുറപ്പു നൽകുന്നു. യോഗ കേവലം വ്യക്തിപരമായ പരിശീലനമായി മാറരുതെന്നും ആഗോള പങ്കാളിത്തത്തിനുള്ള മാദ്ധ്യമമാകണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാഷ്ട്രവും സമൂഹവും യോഗയെ അവരുടെ ജീവിതശൈലിയിലും പൊതുനയത്തിലും ചേർക്കണമെന്നും മോദി പറഞ്ഞു. അഞ്ച് ലക്ഷത്തോളം പേർ മോദിക്കൊപ്പം യോഗ ചെയ്‌തു. ആന്ധ്രാ ഗവർണർ സയ്യിദ് അബ്ദുൾ നസീർ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരും പങ്കെടുത്തു.
മൂന്നര ലക്ഷം സ്ഥലങ്ങളിൽ
ഇന്ത്യയിലുടനീളമുള്ള മൂന്നര ലക്ഷത്തിലധികം സ്ഥലങ്ങളിൽ യോഗാസംഗമ പരിപാടികൾ ഒരേസമയം നടന്നു. മൈഗവ്, മൈഭാരത് പ്ലാറ്റ്‌ഫോമുകളിൽ കുടുംബത്തോടൊപ്പം യോഗ ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജമ്മു കാശ്‌മീരിലെ ഉധംപൂരിലും ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ അഹമ്മദാബാദിലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡൽഹി നെഹ്‌റു പാർക്കിലും യോഗ ദിനാചരണത്തിന് നേതൃത്വം നൽകി.സുപ്രീംകോടതിയിൽ നടന്ന പരിപാടിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി പങ്കെടുത്തു.വിദേശരാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ ആഭിമുഖ്യത്തിൽ ദിനം ആചരിച്ചു. ജപ്പാനിൽ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ പത്‌നി യോഷികോ ഇഷികെ യോഗ ചെയ്‌തു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ സമുദ്രനിരപ്പിൽ നിന്ന് 15,300 അടി ഉയരത്തിലുള്ള ലഡാക്കിലെ ഹാൻലെ ഗ്രാമത്തിൽ യോഗ പരിശീലിച്ചു. യോഗാദിനത്തിന്റെ ഭാഗമായി ഇന്നലെ താജ്മഹൽ പ്രവേശനം സൗജന്യമാക്കി.