മെയ്‌ ഡേ സന്ദേശം അറിയിച്ചു; ആശങ്കയ്ക്കൊടുവിൽ ലാൻഡ് ചെയ്ത് ഇൻഡിഗോ

Sunday 22 June 2025 12:55 AM IST

ബംഗളൂരു: പൈലറ്റ് മെയ് ഡേ സന്ദേശം അറിയിച്ചതോടെ ഏറെ നേരം ആശങ്ക. ഒടുവിൽ ഇൻഡിഗോയുടെ ഗുവാഹത്തി -ചെന്നൈ വിമാനം ബംഗളൂരുവിൽ സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച 168 യാത്രക്കാരുമായാണ് വിമാനം പറന്നുയർന്നത്. ഇന്ധനം കുറവായതിനെത്തുടർന്ന് പൈലറ്റ് മെയ്‌ ഡേ സന്ദേശം നൽകുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 4:40ന് ഗുവാഹാട്ടിയിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 7.45ഓടെ ചെന്നൈയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും, ലാൻഡിംഗ് ഗിയർ റൺവേയിൽ സ്പർശിച്ചതിന് ശേഷം വീണ്ടും പറന്നുയർന്നു. തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഏകദേശം 35 മൈൽ അകലെ വെച്ച് ക്യാപ്റ്റൻ 'മെയ്‌ഡേ' കോൾ നടത്തിയെന്നാണ് റിപ്പോർട്ട്.

ചെന്നൈയിൽ തന്നെ ലാൻഡ് ചെയ്യാൻ ശ്രമിച്ചില്ല. ബംഗളൂരുവിലേക്ക് പോകാൻ തീരുമാനിച്ചു. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടർന്ന്, എ.ടി.സി ഓൺഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു. അവർ ഉടൻ നടപടി സ്വീകരിച്ചു. മെഡിക്കൽ, ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. രാത്രി 8.20 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.വെള്ളിയാഴ്ച, മധുരയിലേക്ക് പോയ ഇൻഡിഗോ വിമാനം യാത്രാമദ്ധ്യേ സാങ്കേതിക തകരാറ് സംഭവിച്ചതോടെ അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു.