ഇറാന്റെ ആണവായുധ നിർമ്മാണം: നിലപാട് മാറ്റി യു.എസ് ഇന്റലിജൻസ് മേധാവി
Sunday 22 June 2025 7:32 AM IST
വാഷിംഗ്ടൺ: ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് തെളിവില്ലെന്ന് പറഞ്ഞ യു.എസ് ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വടിയെടുത്തതിന് പിന്നാലെ നിലപാട് മാറ്റി. മാർച്ചിൽ സെനറ്റ് കമ്മിറ്റിക്ക് മുന്നിലാണ് ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് തുൾസി പറഞ്ഞത്. എന്നാൽ തുൾസി പറഞ്ഞത് തെറ്റാണെന്ന് കഴിഞ്ഞ ദിവസം ന്യൂജേഴ്സിയിൽ വച്ച് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നാലെയാണ് തിരുത്തലുമായി തുൾസി രംഗത്തെത്തിയത്. ഇറാന് ആഴ്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ ഒരു ആണവായുധം നിർമ്മിച്ചെടുക്കാൻ കഴിയുമെന്ന് തുൾസി പറഞ്ഞു. സെനറ്റിലെ തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് ആഴ്ചയ്ക്കുള്ളിൽ ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറല്ലെങ്കിൽ ഇറാന് നേരെ യു.എസ് ആക്രമണം നടത്തിയേക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.