'അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ നാശം വിതയ്ക്കും', പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാൻ

Sunday 22 June 2025 11:03 AM IST

ടെഹ്‌റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള സമയമാണ് ഇനിയെന്നാണ് അമേരിക്കയ്ക്ക് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ നാല് മണിയോടെയാണ് അമേരിക്ക ബോംബ് ആക്രമണം നടത്തിയത്. ഫോർ‌ദോ, നതാൻസ്, എസ്‌‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിലൂടെ അറിയിക്കുകയായിരുന്നു.

അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ നാശം വിതയ്ക്കുമെന്ന് ഖമനേയിയുടെ പ്രതിനിധി ഹുസൈൻ ഷര്യത്‌മദരി വ്യക്തമാക്കി. കാലതാമസമില്ലാതെ അമേരിക്കയ്ക്ക് മറുപടി നൽകാനുള്ള സമയമാണിത്. ആദ്യഘട്ടമെന്ന നിലയിൽ ബഹ്‌റൈനിലെ യുഎസ് നാവികസേനയ്ക്കുനേരെ മിസൈൽ ആക്രമണം നടത്തും. അമേരിക്ക, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് കപ്പലുകൾ ഹോർമൂസിലൂടെ കടത്തിവിടില്ലെന്നും ഷര്യത്‌മദരി പ്രഖ്യാപിച്ചു. അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ ജനങ്ങൾക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഫോർദോ ഉൾപ്പെടെ സുരക്ഷിതമാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രതികരിച്ചിരുന്നു.

അമേരിക്കയുടെ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഇറാന്റെ ആണവോർജ ഏജൻസിയും പ്രഖ്യാപിച്ചു. ശത്രുക്കളു‌ടെ ആക്രമണത്തിന് മുന്നിൽ പതറി, വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ ഇറാന്റെ അറ്റോമിക് എനർജി ഓർഗനൈസേഷൻ ഉദ്ദേശിക്കുന്നില്ല. ധീര രക്തസാക്ഷികളുടെ ചോരയിൽ പടുത്തുയർത്തിയതാണ് ആണവ പദ്ധതി. അത് പാലിക്കുമെന്നും സംഘടന വ്യക്തമാക്കി.

ഇതിനിടെ, ഇസ്രയേലിൽ ഇറാൻ വീണ്ടും ആക്രമണം നടത്തി. ഹൈഫയിലും ടെൽ അവീവിലും രണ്ട് ബാച്ചുകളിലായി ഇറാൻ 27 മിസൈലുകൾ പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലുടനീളം സൈറൺ മുഴങ്ങുകയാണെന്ന് ഐഡിഎഫ് സമൂഹമാദ്ധ്യമത്തിൽ പറഞ്ഞു.