'വിവാഹ തലേന്ന് മോഹൻലാലിന്റെ അച്ഛനും അമ്മയും എനിക്കൊരു പൊതി കൊണ്ടുതന്നു, അതിനുള്ളിൽ'
മലയാളികൾക്ക് എന്നും സുപരിചിതനായ നടനാണ് സുരേഷ് ഗോപി. ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരിക്കെ ഇപ്പോഴും സുരേഷ് ഗോപി അഭിനയരംഗത്ത് സജീവമാണ്. ഇപ്പോഴിതാ കഴിഞ്ഞദിവസം സുരേഷ് ഗോപി നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
പേളി മാണിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് പ്രചരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ സമ്മാനം ഏതാണെന്ന ചോദ്യത്തിന് മോഹൻലാലിന്റെ മാതാപിതാക്കൾ നൽകിയ സമ്മാനമാണെന്ന് പറയുകയാണ് സുരേഷ് ഗോപി. തനിക്ക് ആദ്യമായി തേക്കിൽ ഉണ്ടാക്കിയ ഗണപതി വിഗ്രഹം തരുന്നത് അവരാണെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.
സുരേഷ് ഗോപിയുടെ വാക്കുകൾ
എന്റെ കല്യാണത്തിന്റെ തലേന്ന് മോഹൻലാലിന്റെ അച്ഛനും അമ്മയും എനിക്ക് ഒരു പൊതി കൊണ്ടുതന്നു. തേക്കിൻ തടിയിൽ ഉണ്ടാക്കിയ ഒരു ഗണപതിയുടെ വിഗ്രഹമായിരുന്നു അത്. ഞാൻ തിരുവനന്തപുരത്തേക്ക് താമസം ആയപ്പോൾ പൂജാമുറിയിലെ മെയിൻ വിഗ്രഹമായി അതിനെ വച്ചു. എന്നാൽ അതിന് മുന്നിൽ വിളക്ക് കത്തിക്കാൻ പാടില്ലെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അപ്പോൾ അത് പൂജാ റൂമിൽ നിന്ന് മാറ്റി. ഇപ്പോഴും എന്റെ ഡെെനിംഗ് ഹാളിൽ വടക്കോട്ട് നോക്കി ആ വിഗ്രഹമുണ്ട്. അത് കാണുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമവരുന്നത് എന്റെ കെെയിൽ അത് വച്ചുതന്ന മോഹൻലാലിന്റെ പിതാവിനെയാണ്.