'എന്റെ എല്ലുകൾ നുറുങ്ങുന്നു'; അനുഭവിക്കുന്ന ഗുരുതര രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി സൽമാൻ ഖാൻ
മുംബയ്: നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ പരിപാടിയായ 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിന്റെ പ്രീമിയർ ഷോയിൽ അതിഥിയായി എത്തിയ നടൻ സൽമാൻ ഖാൻ നടത്തിയ ചില വെളിപ്പെടുത്തൽ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സൽമാൻ ഖാൻ തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ബോളിവുഡ് ലോകത്ത് ചർച്ചയാകുന്നത്. താൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബ്രയിൻ അന്യൂറിസത്തിനും ധമനികളിലെ തകരാറുകളിലും ചികിത്സ തേടുന്നതായി സൽമാൻ ഖാൻ വെളിപ്പെടുത്തി. ഷോയുടെ അവതാരകനായ കപിൽ ശർമ്മ ചോദിച്ച ചില ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് 59കാരനായ സൽമാൻ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
'ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. എന്റെ എല്ലുകളും നുറുങ്ങുകയാണ്. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. എനിക്ക് ട്രൈജമിനൽ ന്യൂറൽജിയ ബാധിച്ചു. ഇതോടൊപ്പം തലച്ചോറിൽ ഒരു അന്യൂറിസവും ഉണ്ട്. ധമനികളിലെ തകരാറുകളിലും ചികിത്സ തേടുകയാണ്. എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിക്കുമ്പോഴും ജോലി ചെയ്യുകയാണ്'- സൽമാൻ ഖാൻ പറഞ്ഞു.
2017ൽ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ ട്രൈജെമിനൽ ന്യൂറൽജിയ രോഗത്തെക്കുറിച്ച് സൽമാൻ വെളിപ്പെടുത്തിയിരുന്നു. 2011ൽ ബോഡിഗാർഡ് സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൽമാൻ യുഎസിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഈ രോഗത്തെത്തുടർന്ന് തന്റെ തലയിലും കവിളിലും താടിയെല്ലിലും വർഷങ്ങളായി കടുത്ത വേദനയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
തലയോട്ടിയിലെ ഞരമ്പുകളിൽ ഏറ്റവും വലുതായ ട്രൈജെമിനൽ നാഡിയിൽ നിന്നാണ് ഈ രോഗം ഉണ്ടാകുന്നത്. മുഖത്തും തലയിലും കവിളിലും താടിയെല്ലിലുമെല്ലാം ഒന്ന് സ്പർശിക്കുമ്പോൾ പോലും കടുത്ത വേദന ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. ഈ രോഗത്തെ ആത്മഹത്യ രോഗമെന്നും വിളിക്കാറുണ്ട്. മനുഷ്യന് ഉണ്ടാവുന്ന ഏറ്റവും വേദനാജനകമായ രോഗമെന്നും ഇത് അറിയപ്പെടുന്നുണ്ട്.