പാർലമെന്ററി സമിതി പുനഃസംഘടന: ശശി തരൂർ ഐ.ടി സമിതി അദ്ധ്യക്ഷൻ

Sunday 15 September 2019 12:36 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ വിവിധ സമിതികളിൽ പ്രധാനപ്പെട്ടവയിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സമിതിയുടെ അദ്ധ്യക്ഷ പദവി മാത്രം കോൺഗ്രസിനു നൽകിയും ഭൂരിപക്ഷം സമിതികൾ ബി.ജെ.പിക്ക് നീക്കിവച്ചും പുനഃസംഘടന. മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയാണ് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി അദ്ധ്യക്ഷൻ. ധനകാര്യം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളുടെ പാർലമെന്ററി സമിതികൾ ബി.ജെ.പിക്കാണ്. ധനകാര്യ, വിദേശകാര്യ സമിതികളുടെ ചുമതല പ്രതിപക്ഷത്തിനു നൽകുന്ന കീഴ്‌വഴക്കം തിരുത്തിയാണ് പരിഷ്‌കാരം.നേരത്തേ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന ശശി തരൂർ ഇത്തവണ ഐ.ടി. സമിതി അദ്ധ്യക്ഷനാണ്. രാജ്യസഭാ എം.പി. സുരേഷ് ഗോപിയും ഐ.ടി സമിതിയിൽ അംഗമാണ്.

ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, ആരോഗ്യം, ഐ.ടി, ഉപഭോക്തൃ സംരക്ഷണം എന്നീ സമിതികളുടെ അദ്ധ്യക്ഷപദവും കോൺഗ്രസിനാണ്.

ജയറാം രമേശിനെ ശാസ്ത്ര സാങ്കേതികവിദ്യ സമിതിയുടെ അദ്ധ്യക്ഷനാക്കിയിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീറും ബിനോയ്‌ വിശ്വവും ഈ സമിതിയിൽ അംഗങ്ങളാണ്. നേരത്തേ വിദേശകാര്യ പാർലമെന്ററി സമിതിയിൽ അംഗമായിരുന്ന രാഹുൽ ഗാന്ധിയെ ഇക്കുറി പ്രതിരോധ സമിതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻ കേന്ദ്ര മന്ത്രി ജയന്ത് സിൻഹയാണ് ധനകാര്യ പാർലമെന്ററി സമിതിയുടെ അദ്ധ്യക്ഷൻ. ജുവൽ ഓറം, പി.പി. ചൗധരി എന്നിവർ യഥാക്രമം പ്രതിരോധം, വിദേശകാര്യം എന്നീ സമിതികളുടെ ചുമതല വഹിക്കും. രാസവളവുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റിയുടെ ചുമതല ഡി.എം.കെ നേതാവ് എം. കനിമൊഴിക്കാണ്. ബി.ജെ.പിയുമായി അടുത്തു നിൽക്കുന്ന വൈ.എസ്.ആർ കോൺഗ്രസിന്റെ വി. വിജയസായി റെഡ്ഡിയാണ് വാണിജ്യകാര്യ സമിതി അദ്ധ്യക്ഷൻ. സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനുമാണ് പാർലമെന്ററി സമിതികളെ നിശ്ചയിക്കുന്നത്.