പഹൽഗാം ഭീകരാക്രമണം: തീവ്രവാദികൾക്ക് അഭയം നൽകിയ രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു

Sunday 22 June 2025 2:44 PM IST

ന്യൂ‌ഡൽഹി: പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദികളെ തങ്ങാൻ അവസരം ഒരുക്കിയ രണ്ട് പേരെ എൻ‌ഐ‌എ അറസ്റ്റ് ചെയ്തു. പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നീവരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തതത്. ഇരുവരും ചേർന്നാണ് തീവ്രവാദികൾക്ക് ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.തീവ്രവാദികളെ പാർപ്പിച്ചതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും സെക്ഷൻ 19 പ്രകാരമാണ് എൻ‌ഐ‌എ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും ബന്ധുക്കൾ ഉൾപ്പടെ ഏകദേശം 2,000ത്തോളം പേരെ എൻ‌ഐ‌എ ചോദ്യം ചെയ്യുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് എൻ‌ഐ‌എ രണ്ടു പേരെ അറസ്റ്റു ചെയ്ത്‌ത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണ് തീവ്രവാദികൾ എന്ന് അറസ്റ്റിലായവർ സമ്മതിച്ചു. ആക്രമണത്തിന് മുമ്പ് ഹിൽ പാർക്കിലെ ഒരു സീസണൽ ടെന്റിലാണ് തീവ്രവാദികൾക്ക് താമസവും ഭക്ഷണവും ഒരുക്കിയതെന്നും അറസ്റ്റിലായവർ പറഞ്ഞു.

കൊച്ചിയിലെ ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രൻ (65) ഉൾപ്പെടെ നിരവധി പേരാണ് ഭീകരുടെ തോക്കിന് ഇരയായത്. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ പൗരന്മാരും കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.