നായകനായി സംഗീത് പ്രതാപ് , നായിക മമിത ബൈജു
പ്രേമലു സിനിമയിൽ അമൽ ഡേവിസ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംഗീത് പ്രതാപ് നായകനാവുന്നു. നായികയായി എത്തുന്നത് മമിത ബൈജു. ഇടവേളയ്ക്കുശേഷം മലയാളത്തിൽ മമിത ബൈജു അഭിനയിക്കുന്ന ചിത്രം കൂടിയാണ്. പ്രേമലുവിൽ അമൽ ഡേവിസിനൊപ്പം തിളങ്ങിയതാണ് മമിതയുടെ റീനു . പ്രേമലുവിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം തണ്ണീർമത്തൻ ദിനങ്ങളിലൂടെ അരങ്ങേറ്രം കുറിച്ച ഡിനോയ് പൗലോസാണ് സംവിധാനം ചെയ്യുന്നത്. ഡിനോയുടെ ആദ്യ സംവിധാന സംരംഭമാണ്. തണ്ണീർ മത്തൻ ദിനങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളയ ഡിനോയ് പൗലോസ്, മാത്യു തോമസിന്റെ സഹോദരനായി ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. പത്രോസിന്റെ പടപ്പുകളിൽ ഷറഫുദ്ദീനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. വിശുദ്ധ മെജോയിൽ നായകനായും എത്തി. രണ്ട് ചിത്രങ്ങളുടെയും തിരക്കഥയും ഡിനോയ് ആണ് എഴുതിയത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് സംഗീത് പ്രതാപ് - മമിത ബൈജു ചിത്രം നിർമ്മിക്കുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമിത ബൈജുവിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങി . അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും. അതേസമയം സംഗീത് പ്രതാപ് നായകനായി രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സ്പോട്ട് എഡിറ്ററായി വെള്ളിത്തിരയിൽ എത്തിയ സംഗീത് പ്രതാപ് പിന്നീട് ചിത്ര സംയോജകനും നടനുമായി. ആസിഫ് അലി നായകനായ സർക്കീട്ട് ആണ് സംഗീത് പ്രതാപ് ചിത്ര സംയോജനം നിർവഹിച്ച അവസാന ചിത്രം. ബ്രോമൻസ്, തുടരും എന്നീ ചിത്രങ്ങളിലും തിളങ്ങിയ സംഗീത് പ്രതാപ്, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിൽ മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിൽ എത്തുന്നുണ്ട്.