ജാനകി മാറണം, ജെ. എസ്. കെ പ്രദർശനം തടഞ്ഞു
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സൂപ്പർ താരം സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദർശനാനുമതി തടഞ്ഞ് കേന്ദ്ര സെൻസർ ബോർഡ്. ജാനകി എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. ജൂൺ 27ന് റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് സെൻസർബോർഡിന്റെ നടപടി. സംസ്ഥാന സെൻസർ ബോർഡ് നോ കട്ട്സ് അനുവദിക്കുകയും ചിത്രത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപി നേരിട്ട് ഇടപ്പെട്ടെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകാൻ സംവിധായകന് നിർദേശം നൽകിയതായി ബി. ഉണ്ണിക്കൃഷ്ണ വ്യക്തമാക്കി, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മാണം . നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ കൂടിയാണ്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണം.