160 കിലോമീറ്റര്‍ വേഗത, വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ജൂലായ് മുതല്‍; കേരളത്തിനും പ്രതീക്ഷ

Sunday 22 June 2025 7:43 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ജൂലായ് മാസത്തില്‍ സര്‍വീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന സംവിധാനങ്ങളാണ് സ്ലീപ്പര്‍ എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലായ് മാസം അവസാനത്തോടെ ആദ്യ സര്‍വീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷണ ഓട്ടം ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതേസമയം ആദ്യ റൂട്ട്, ടിക്കറ്റ് നിരക്ക്, സമയം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 30 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ പരമാവധി വേഗതയാണ് പ്രത്യേകത. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബി.ഇ.എം.എല്‍ പത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ലോഞ്ചിന് മുന്നോടിയായി നിര്‍മിച്ചിട്ടുണ്ട്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) പത്ത് ട്രെയിനുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ എന്ന പേരും സ്ലീപ്പര്‍ വന്ദേഭാരതിന് ലഭിക്കും. പരമാവധി 240 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെങ്കിലും രാജ്യത്തെ ട്രാക്കുകളുടെ ശേഷി അനുസരിച്ച് 160 കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിനും പ്രതീക്ഷ

വന്ദേഭാരത് ചെയര്‍ കാറുകള്‍ രാജ്യത്ത് തന്നെ ഏറ്റവും ഹിറ്റായി ഓടുന്നത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ നിര്‍മാണം പൂര്‍ത്തിയായ പത്ത് ട്രെയിനുകളില്‍ ഒന്ന് കേരളത്തിന് ആദ്യ മാസത്തില്‍ തന്നെ അനുവദിച്ചേക്കും. മലയാളികള്‍ക്കുള്ള ഓണസമ്മാനമായി ട്രെയിന്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ബംഗളൂരു - തിരുവനന്തപുരം സെന്‍ട്രല്‍ റൂട്ടിനാണ് പ്രഥമ പരിഗണന.