അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്,​ നാളെ പുട്ടിനുമായി നിർണായക ചർച്ച

Sunday 22 June 2025 7:52 PM IST

ടെഹ്റാൻ : ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി പ്രഖ്യാപിച്ചു. ഗൗരവമേറിയതും നിർണായകവുമായി ചർച്ചകൾക്കായാണ് റഷ്യയിലേക്ക് പോകുന്നതെന്ന് അരാഗ്‌ചി പറഞ്ഞു. ചർച്ചകളുടെ വഴി അമേരിക്ക തകർത്തെന്നും ആണവ നിർവ്യാപന കരാറിനെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

അതേസമയം അടിയന്തര സുരക്ഷാ കൗൺസിൽ ചേരാനും ആക്രമണങ്ങളിൽ ആണവോർജ ഏജൻസി നടപടി എടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ ഏ‍ജൻസി അടിയന്തര യോഗം ചേരും. ആക്രമണം നടന്ന സ്ഥലങ്ങളിൽ ആണവ വികിരണമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജി,​സി.സി രാഷ്ട്രങ്ങളും ജി.സി.സി കൂട്ടായ്മയും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ഒട്ടേറെ രാജ്യങ്ങൾ ഇറാന് ആണവായുധം നൽകാൻ തയ്യാറാണെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ മുൻ ചെയർമാൻ ദിമിത്രി മെദ്‌വദേവ് പറ‍ഞ്ഞു. ഇറാനിൽ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ ആണവ നിലയങ്ങൾക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.. അടിസ്ഥാന സൗകര്യങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. നിലവിൽ ഇവിടെ നടക്കുന്ന ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും ഭാവിയിൽ അത് ആണവായുധങ്ങളുടെ ഉത്പാദനമാകുമെന്നും മെദ്‌വദേവ് കൂട്ടിച്ചേർത്തു.