എണ്ണവില കുതിച്ചുയരും ,​ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ,​ അംഗീകാരം നൽകി പാർലമെന്റ്

Sunday 22 June 2025 9:48 PM IST

ടെഹ്റാൻ : ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ബോംബാക്രമണം ഉണ്ടായതിന് പിന്നാലെ കടുത്ത തീരുമാനമെടുത്ത് ഇറാൻ. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് മീഡിയ പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർ‌ട്ട് ചെയ്തത്.

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണ- വാതക കപ്പൽപാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാനും അറബ് -ഗൾഫ് രാജ്യങ്ങൾക്കിടയിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഗോള എണ്ണ,​ വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഈ പാത വഴിയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ,​ ഇറാഖ്,​ യു.എ.ഇ,​ ഖത്തർ,​ ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി ഉൾപ്പെടെ നടക്കുന്നത് ഈ കടലിടുക്കിലൂടെയാണ്. 161 കിലോമീറ്റർ നീളമുള്ള ഹോർമുസിൽ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റർ വീതിയാണുള്ളത്. മൂന്നു കിലോമീറ്റർ മാത്രമാണ് ഈ ഭാഗത്തെ കപ്പൽച്ചാലിന്റെ വീതി.

പാത അടച്ചുപൂട്ടിയാൽ എണ്ണ വില കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയും യൂറോപ്പും ഏഷ്യയും പ്രതിസന്ധിയിലാകും. ഇന്ത്യയിലേക്കുള്ള 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.