വരുമാനം കുറവാണേൽ ആളില്ല : ദേവസ്വം ബോർഡിന് ഉപദേശക സമിതി രൂപീകരണം കീറാമുട്ടി

Sunday 22 June 2025 10:11 PM IST

തൃശൂർ : സി ക്ലാസ് ക്ഷേത്രങ്ങളിൽ അംഗങ്ങളാകാൻ ആളില്ലാതായതോടെ, കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉപദേശക സമിതി രൂപീകരണം പലയിടത്തും തലവേദനയാകുന്നു. രണ്ട് തവണ സമിതി അംഗങ്ങളായിരുന്നവർക്ക് വീണ്ടും അംഗമാകാൻ സാധിക്കില്ലെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള നിബന്ധനയാണ് പ്രതിസന്ധിയാകുന്നത്.

എ ക്ലാസ് ക്ഷേത്രങ്ങളിൽ നൂറുക്കണക്കിന് അപേക്ഷകൾ ഭക്തജനങ്ങൾ വാങ്ങുന്നുണ്ടെങ്കിലും സി ക്ലാസ് ക്ഷേത്രങ്ങളിൽ ചിലയിടങ്ങളിൽ രണ്ടും മൂന്നും അപേക്ഷകളാണ് വാങ്ങിയിട്ടുള്ളത്. വലിയ ക്ഷേത്രങ്ങളിൽ സ്ഥാനത്തിനായി പിടിവലിയാണെങ്കിൽ വരുമാനം കുറവുള്ളതും ഗ്രാമപ്രദേശങ്ങളിലുള്ളതുമായ ക്ഷേത്രങ്ങളിൽ സമിതി രൂപീകരണം പ്രതിസന്ധിയാണ്.

മൊത്തം അംഗങ്ങളുടെ എണ്ണത്തിന് താഴെയാണ് പലയിടത്തും അപേക്ഷ. ഇതേത്തുടർന്ന് ദർശനത്തിനെത്തുന്നവരെ നിർബന്ധപൂർവ്വം കമ്മിറ്റികളിൽ ഉൾപ്പെടുത്തി മുന്നോട്ട് പോകുകയാണ് പതിവ്. എന്നാൽ തുടർച്ചയായി സമിതികളിൽ അംഗങ്ങളായിരുന്നവരെ ഉൾപ്പെടുത്താനാകില്ലെന്ന ഉത്തരവാണ് പ്രതിസന്ധിയായത്. പുതിയ കമ്മിറ്റികളിൽ 15 പേരാണുള്ളത്. അതേസമയം ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമക്ഷേത്രം, കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം എന്നിവിടങ്ങളിൽ അംഗങ്ങളുടെ എണ്ണം 21 ആണ്.

നടത്തിപ്പ് ബുദ്ധിമുട്ടാകുമെന്ന്

സമവായമായില്ലെങ്കിൽ നറുക്കെടുപ്പിലൂടെയാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുക. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരുമെന്നും ഇവർക്ക് കൂട്ടായ്മയിലൂടെ മുന്നോട്ട് പോകാനാകില്ലെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ രാജിവെച്ച സമിതികളും ഉണ്ട്. ക്ഷേത്രോപദേശ സമിതികളുടെ ട്രഷറർ സ്ഥാനം ദേവസ്വം ഓഫീസർമാരിൽ എൽപ്പിക്കുന്നതിനെതിരെയും വിമർശമുണ്ട്. ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഓരോ പ്രധാന ക്ഷേത്രങ്ങൾക്ക് കീഴിൽ രണ്ടും മൂന്നും കീഴേടങ്ങളുണ്ടാകും. അവിടെല്ലാം ട്രഷറർ സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുക്കുന്ന അംഗങ്ങളിൽ നിന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഓഡിറ്റർ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്.