ഗുരുവചന പ്രചാരണത്തിന് നാണയശേഖരവുമായി രാമചന്ദ്രൻ

Monday 23 June 2025 1:46 AM IST

ഉദിയൻകുളങ്ങര: ഗുരുവചന പ്രചാരണം ലക്ഷ്യം വച്ച് വരും തലമുറയ്ക്കായി നാണയശേഖരം നടത്തുകയാണ് കുഴിഞ്ഞാൽവിള പിരാകോട് സ്വദേശി രാമചന്ദ്രൻ (68). കന്യാകുമാരി ജില്ലയിലെ പിരാകോട് ശ്രീനാരായണഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യകാല നാണയം മുതൽ തിരുവിതാംകൂറിൽ രാജാക്കന്മാരുടെ ഭരണകാലത്ത് ഇറക്കിയ നാണയങ്ങളും ലോകരാജ്യത്തിലെ 86 ഓളം രാജ്യങ്ങളുടെ നാണയങ്ങളും ഉൾപ്പെടെ ശേഖരങ്ങളിലുണ്ട്. കഴിഞ്ഞ 40 വർഷത്തെ പരിശ്രമമാണ് ഇതിന് പിന്നിൽ. നിലവിൽ 5568 ഓളം നാണയങ്ങൾ കൈയിലുണ്ട്.

കാരപ്പഴിഞ്ഞി തറവാട്ടിലെ അംഗമാണ് രാമചന്ദ്രൻ. ഗുരുദേവൻ ജനിച്ച 1856 മുതൽ 1928 വരെയുള്ള ഗുരുവിന്റെ ജീവിതകാലത്തെ ഓർമ്മപ്പെടുത്തുന്നതിന്റെ 72 ഗുരുദേവന്റെ ഛായാചിത്രമുള്ള നാണയങ്ങളും ശേഖരത്തിലുണ്ട്. തിരുവിതാംകൂറിലെ ഓട്ടകാലണ മുതൽ 2025 വരെയുള്ളവയാണ് ശേഖരണം.

ചരിത്ര വിദ്യാർത്ഥികൾക്കും മറ്റ് നാണയ പ്രേമികൾക്കുമായി സ്കൂൾ,കോളേജ്, കലാസാംസ്കാരിക വേദികൾ ഉൾപ്പെടെ പലയിടത്തും നാണയ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് രാമചന്ദ്രൻ.