ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

Monday 23 June 2025 1:09 AM IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ.ബി.വി.പി. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈശ്വര പ്രസാദിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. പി.എം.ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവയ്ക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എ.ബി.വി.പി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് എ.ബി.വി.പി പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് ഉദാഹരമാണ് ശനിയാഴ്ച രാത്രി തമ്പാനൂരിൽ സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമണം. അമ്പതോളം വരുന്ന പാർട്ടി ഗുണ്ടകൾ പൊലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടത്. അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുകയാണെന്നും സംഘടന ആരോപിച്ചു. അതേസമയം,പി.എം.ശ്രീയിൽ ഒപ്പുവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സഹസംഘടനാ സെക്രട്ടറി എൻ.ടി.സി. ശ്രീഹരി പറഞ്ഞു.