അപലപിച്ച് ഇടതു സംഘടനകൾ
ന്യൂഡൽഹി: ഇറാനിൽ യു.എസ് നടത്തിയ ബോംബിംഗിനെ അപലപിച്ച്, ഇടതുസംഘടനകൾ സംയുക്ത പ്രസ്‌താവനയിറക്കി. ഇറാന്റെ സ്വയംഭരണത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ (എം.എൽ ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജൻ എന്നിവർ ഒപ്പിട്ട സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി. യു.എൻ.ചാർട്ടറിന്റെ ലംഘനമാണിത്. സംഘർഷം ആളിക്കത്തിക്കുകയേ ഉള്ളൂ. പശ്ചിമേഷ്യയെ അസ്ഥിരമാക്കുമെന്നും സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോള ശ്രമത്തിൽ ഇന്ത്യ പങ്കുചേരണമെന്നും കൂട്ടിച്ചേർത്തു. യു.എസ് നടപടിക്കെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്‌തു.