ദേശീയപാതയിൽ പാഴ്‌സൽ വാഹനം തടഞ്ഞ് കൊള്ള: രണ്ട് പേർ അറസ്റ്റിൽ
# കവർന്നത് മൂന്ന് കോടി 24 ലക്ഷം
ഹരിപ്പാട് : ദേശീയപാതയിൽ രാമപുരം ചേപ്പാട് വച്ചു പാഴ്‌സൽ വാഹനം തടഞ്ഞ് മൂന്ന് കോടി 24 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുപ്പൂർ സ്വദേശികളായ തിരുകുമാർ (37), ചന്ദ്രബോസ് (32) എന്നിവരെ അവിടെയെത്തിയാണ് പിടികൂടിയത്.
കവർച്ച ആസൂത്രണം ചെയ്ത സതീഷ്, ദുരൈ അരസ് എന്നിവർ ഉൾപ്പടെ ഏഴ് പേർ ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുത്താലേ ലോറിയിൽ പണമുണ്ടെന്ന് അറിഞ്ഞത് എങ്ങനെയെന്ന് വ്യക്തമാവൂ.
പിടിയിലായ തിരുകുമാറാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റെഡിയാക്കി കൊടുത്തത്. ചന്ദ്രബോസ് കവർച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലത്തെ അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു, നമ്പർ വൺ എന്ന പാഴ്‌സൽ സർവീസിന്റെ ലോറിയിൽ കൊടുത്തുവിട്ട പണമാണ് 13ന് രാവിലെ 4.30ന് കവർന്നത്.
സ്‌കോർപ്പിയോയിലും ഇന്നവോയിലുമായി എത്തിയ എട്ടംഗ സംഘമാണ് ലോറി തടഞ്ഞുനിർത്തി പണം കവർന്നത്. തുടർന്ന് തിരുപ്പൂരിലേക്ക് കടന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ നമ്പർ കിട്ടിയെങ്കിലും ഇവർ തമിഴ്‌നാട്ടിലെത്തിയ ഉടൻ നമ്പർ മാറ്റി.
കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ, സി.ഐ. ജെ.നിസാമുദ്ദീൻ, എസ്.ഐ ബ്രജിത്ത് ലാൽ, നിഷാദ്, അഖിൽ, ഇയാസ്, മണിക്കൂട്ടൻ, ഷാനവാസ്, ദീപക്, ഷാജഹാൻ, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ആസൂത്രണം കോയമ്പത്തൂരിൽ
മോഷ്ടാക്കളെല്ലാം തിരുപ്പൂർ, കുംഭകോണം, തിരുവള്ളുർ പ്രദേശങ്ങളിലുള്ളവരാണ്. കോയമ്പത്തൂരിൽ വച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിൽ ഉൾപ്പെട്ട ദുരൈ അരസ് ഒരു ദേശീയപാർട്ടിയുടെ പോഷക സംഘടന നേതാവാണ്. കുംഭകോണത്ത് തുണി വ്യവസായവുമുണ്ട്. ഇവരെല്ലാം സമാനമായ കേസുകളിലെ പ്രതികളാണ്. കവർച്ച ചെയ്തതിൽ അഞ്ച് ലക്ഷം രൂപ തിരുകുമാറിനും ചന്ദ്രബോസിനും നൽകി. ഇതിൽ ഒന്നര ലക്ഷത്തോളം ഇവർ പളനിക്ഷേത്രത്തിൽ ചെലവഴിച്ചതായും പൊലീസ് പറഞ്ഞു.