കല്ലമ്പലത്ത് വൻകഞ്ചാവ് ശേഖരം പിടികൂടി

Monday 23 June 2025 1:20 AM IST

കല്ലമ്പലം: കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. ബാലരാമപുരം തണ്ണിക്കുഴി ബേബി ലാഡിൽ അരുൺ പ്രശാന്ത് (42) ആണ് അറസ്റ്റിലായത്. പത്തു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്നലെ രാവിലെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ വാഹനത്തിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം കല്ലമ്പലം തട്ടുപാലത്തിന് സമീപത്തുവെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതി വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു. തുടർന്ന് ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് ശേഖരവുമായി പിടിയിലായത്. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തി വരുന്ന കർശന പരിശോധനയിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ ഐ.പി.എസിന്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപിന്റെ നിർദ്ദേശാനുസരണം ഡാൻസാഫ് എസ്.ഐ മാരായ റസ്സൽ രാജ്,സാഹിൽ,ബിജുകുമാർ,പ്രേമൻ, ദിലീപ്,എ.എസ്.ഐ രാജീവ്‌ എസ്. സി.പി.ഒമാരായ അരുൺ അനൂപ്,വിനീഷ്,അനീഷ്, ദിനോർ,റിയാസ്,സി.പി.ഒ മാരായ അരുൺ,സുനിൽരാജ്,പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി.