മണ്ണന്തലയിലെ കൊലപാതകം പ്രകോപന കാരണം യുവാവിനൊപ്പമുള്ള യുവതിയുടെ വീഡിയോകാൾ !

Monday 23 June 2025 1:21 AM IST

പോത്തൻകോട്: മണ്ണന്തലയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്ന സംഭവത്തിന് കാരണം യുവതിക്ക് മറ്റൊരു യുവാവുമായുള്ള ബന്ധമെന്ന് അന്വേഷണ സംഘം. സംഭവ ദിവസം അപ്പാർട്ട്മെന്റിൽ യുവാവുമായി വീഡിയോകാൾ ചെയ്യുന്നത് സഹോദരൻ കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.

ശനിയാഴ്ച രാത്രി 7നായിരുന്നു ദാരുണ സംഭവം. നന്നാട്ടുകാവ് പന്തലക്കോട് വാഴോട്ടു പൊയ്ക തിരുവോണം വീട്ടിൽ ഷഫീനയെ (33) സഹോദരൻ ഷംഷാദാണ് (44) കൊലപ്പെടുത്തിയത്. ചെമ്പഴന്തി അണിയൂരിലെ കേസിൽ പ്രതിയായ ഷംഷാദ്, പൊലീസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മണ്ണന്തല എസാഫ് ബാങ്കിന് സമീപത്തെ സ്വകാര്യ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് ഒളിവിൽ കഴിഞ്ഞത്. രണ്ട് കുട്ടികളുടെ മാതാവായ ഷഫീന ഭർത്താവുമായി പിണങ്ങി മാസങ്ങൾക്ക് മുമ്പ് വീട്ടിലെത്തിയിരുന്നു.

സഹോദരിയുടെ കുടുംബ പ്രശ്‌നത്തിന് കാരണം മറ്റൊരു യുവാവുമായുള്ള ചാറ്റിംഗും വീഡിയോ കാളുകളുമാണെന്ന സംശയം നേരത്തെ ഷംഷാദിനുണ്ടായിരുന്നു. സംഭവ ദിവസം വീഡിയോ കാളിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഷഫീനയെ മർദ്ദിച്ചതറിഞ്ഞ് പെരുമാതുറയിലെ വീട്ടിൽ നിന്ന് മാതാപിതാക്കൾ മണ്ണന്തലയിലെ അപ്പാർട്ട്മെന്റിലെത്തിയപ്പോൾ ഷഫീന അബോധാവസ്ഥയിൽ കട്ടിലിനടിയിൽ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച മാതാപിതാക്കളെ ഷംഷാദ് ഭീഷണിപ്പെടുത്തി. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഷഫീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസെത്തുമ്പോൾ അടുത്ത മുറിയിൽ ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖുമുണ്ടായിരുന്നു. മദ്യലഹരിയിലായ ഇരുവരെയും പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് വിശാഖിനെയും ഒപ്പം കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും അപ്പാർട്ട്മെന്റിലെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു.