നാശം വിതച്ച് മഴ, രണ്ടിടങ്ങളിൽ വീട് തകർന്നു
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച് ഇടവിട്ടുള്ള ശക്തിയായി പെയ്യുന്ന മഴയിൽ നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങൾ. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മരങ്ങൾ കടപുഴകി നിരവധി വീടുകൾ തകർന്നു, വൈദ്യുതി പോസ്റ്റുകൾക്കും,കൃഷിയ്ക്കും നാശമുണ്ടായി. ഒരാഴ്‌ച മുൻപാണ് ചുങ്കം പാലത്തിന് സമീപം വലിയ തണൽ മരം കടപുഴകിയത്. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ മേലുകാവിൽ വീട് കത്തിനശിച്ചു.
നഗരപരിധിയിൽ വീടുകൾ തകർന്നു ശനിയാഴ്‌ച നഗരത്തിൽ രണ്ടിടങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു വീണു. കഞ്ഞിക്കുഴി പുളിക്കച്ചിറയിൽ കളപ്പുരക്കൽ വീട്ടിൽ ബെന്നി ജോർജിന്റെ വീടിന്റെ മേൽക്കൂര ഇടിഞ്ഞ് വീണു. ബെന്നിയുടെ ഭാര്യ അമ്പിളിക്ക് സാരമായ പരിക്കുകളുണ്ട്. ഇവരെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിശക്തമായ മഴയിൽ ബെന്നിയുടെ വീടിനുള്ളിൽ വെള്ളം കയറുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ മേൽക്കൂരയും ഇടിഞ്ഞത്. നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം പുന്നക്കൽ ചുങ്കത്ത് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണാണ് മറ്റൊരു അപകടം. അമ്പാട്ടുകുന്നേൽ സുരേഷ് കുമാറിന്റെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടസമയം വീട്ടിൽ സുരേഷിന്റെ ഭാര്യ രജനിയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപകടഭീഷണിയുയർത്തി മരങ്ങൾ റോഡരികിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ നിരവധിയാണ്. എന്നിട്ടും, അധികൃതർ അനങ്ങാപ്പാറനയത്തിലാണ്. കോട്ടയം, എം.സി റോഡ്, കഞ്ഞിക്കുഴി, നാട്ടകം, കാണക്കാരി റോഡ്, നാഗമ്പടം, കളത്തിപ്പടി, എരുമേലി പമ്പാവാലി ദേശീയ പാത, മാധവൻപടി തുടങ്ങി നിരവധിയിടങ്ങളിലാണ് മരങ്ങൾ അപകടഭീഷണിയാകുന്നത്. പാവറട്ടി പമ്പ് ഹൗസിന് സമീപം എരുമേലി പമ്പാവാലി ഹൈവേ റോഡരികിൽ അപകടഭീഷണി ഉയർത്തി ഉണങ്ങിയ മരമുണ്ട്. വനംവകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതോ, സ്വകാര്യ വ്യക്തിയുടെയോ അല്ല. 11 കെ.വി വൈദ്യുതി ലൈനിനോട് ചേർന്നാണ് മരം.