ആ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടും രക്ഷയില്ല;  വിജയ്  ദേവരകൊണ്ടയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

Monday 23 June 2025 10:43 AM IST

ന്യൂഡൽഹി: ആദിവാസികൾക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഏപ്രിലിൽ ഒരു സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കവെയാണ് വിജയ് ദേവരകൊണ്ട വിവാദ പരാമർശം നടത്തിയത്. ജൂൺ 17ന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. പട്ടികജാതി/ പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൂര്യയുടെ റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് നടന്ന പരിപാടിയിൽ ജമ്മുകാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് ദേവരകൊണ്ട വിവാദ പരാമർശം നടത്തിയത്. പഹൽഗാം തീവ്രവാദ ആക്രമണത്തെ അഞ്ഞൂറ് വർഷം മുൻപ് നടന്ന ആദിവാസി ഗോത്ര യുദ്ധങ്ങളുമായി താരതമ്യം ചെയ്യുകയായിരുന്നു ദേവരകൊണ്ട. ഇതിന്റെ വീഡിയോ ഓൺലെെനിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോയിന്റ് ആക്ഷൻ കമ്മിറ്റി ഓഫ് ട്രെെബൽ കമ്യൂണിറ്റീസിന്റെ സംസ്ഥാന പ്രസിഡന്റ് നേനാവത് അശോക് കുമാർ നായിക് ആണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. ആദിവാസി സമൂഹങ്ങളുടെ അതിജീവനശ്രമങ്ങളെ പാകിസ്ഥാൻ തീവ്രവാദികളുടെ ആക്രമണങ്ങളുമായി താരതമ്യപ്പെടുത്തി ആദിവാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് നേനാവത് അശോക് കുമാർ പരാതിയിൽ ആരോപിക്കുന്നത്.

പരാമർശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരുന്നു. മേയിൽ തന്റെ എക്സ് പേജിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഒരു സമുദായത്തേയും,​ പ്രത്യേകിച്ച് പട്ടികവർഗവിഭാഗത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. തന്റെ വാക്കുകളിലെ ഏതെങ്കിലും ഭാഗങ്ങൾ ഏതെങ്കിലും വിഭാഗങ്ങളെ വേദനിപ്പിച്ചുവെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നുവെന്നും നടൻ പറഞ്ഞു.