തൂത്തുക്കുടിയിലെ ആശുപത്രിയിൽ ജനിച്ച കുഞ്ഞുങ്ങൾക്കെല്ലാം സ്വ‌ർണ മോതിരം, വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കി അണികൾ

Monday 23 June 2025 11:57 AM IST

ചെന്നൈ: തമിഴകം വെട്രി കഴകം പാർട്ടി സ്ഥാപകനും നടനുമായ വിജയ്‌യുടെ 51-ാം പിറന്നാൾ ആഘോഷമാക്കി പാർട്ടിപ്രവർത്തകർ. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് പ്രവർത്തകർ വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കിയത്. നടനായി പ്രത്യക പ്രാർത്ഥനകളും ദരിദ്രർക്കായുളള ഭക്ഷണ വിതരണവും തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം നടന്നു.

ഇതിനിടയിൽ തൂത്തുക്കുടിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനിച്ച അഞ്ച് കുട്ടികൾക്ക് പ്രവർത്തകർ സ്വർണമോതിരം സമ്മാനിച്ചു. പാർട്ടിയുടെ ജില്ലാ ചുമതലയുളള അജിത അഗ്‌നെൽ ആശുപത്രിയിൽ നേരിട്ടെത്തിയാണ് മോതിരങ്ങൾ സമ്മാനിച്ചത്. ഇതിനോടൊപ്പം തന്നെ ആശുപത്രിയിലെ പ്രസവ വാർഡിലുണ്ടായിരുന്ന സ്ത്രീകൾക്ക് ബ്ലാങ്ക​റ്റുകളും പഴവർഗങ്ങളും പാർട്ടി പ്രവർത്തകർ സമ്മാനിച്ചു.

ഇന്നലെയായിരുന്നു വിജയ്‌യുടെ പിറന്നാൾ. സിനിമാമേഖലയിൽ നിന്നും ഒട്ടനവധി പ്രമുഖരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ ടീസർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് റോർ എന്ന ടാഗ് ലൈനിൽ പങ്കുവച്ച സിനിമയുടെ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. യൂട്യൂബിൽ ഇതിനകം മൂന്ന് മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. പൊലീസ് വേഷത്തിലുള്ള വിജയുടെ കഥാപാത്രം ചോരപുരണ്ട വാളുമായി നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്.

എച്ച് വിനോദാണ് ജനനായകന്റെ സംവിധായകൻ. സംഗീതം - അനിരുദ്ധ്. ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, ശ്രുതി ഹാസൻ, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ എന്നിങ്ങനെ വലിയ താരനിരയാണ് ജനനായകനിലുളളത്. 2026 ജനുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.