'തണലേകാൻ ഒരു വൻമരമുള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കുന്നില്ല, ഇല്ലാതായിക്കഴിയുമ്പോൾ എല്ലാം മനസിലാകും'

Monday 23 June 2025 12:48 PM IST

കൊച്ചി: താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന നടൻ മോഹൻലാലിന്റെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് നടി സീമ ജി നായർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് സീമ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മോഹൻലാലിനെ വലിയ തണൽമരത്തോടാണ് നടി ഉപമിച്ചിരിക്കുന്നത്.

'ശുഭിനം, ശുഭദിനം മാത്രം. തണലേകാൻ ഒരു വൻമരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു. ആ മരം ഇല്ലാതായി കഴിയുമ്പോഴാണ് അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാകുന്നത്' - സീമ ജി നായർ കുറിച്ചു. മോഹൻലാലിനൊപ്പമുള്ള ചിത്രവും സീമ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മോഹൻലാൽ നിലപാടെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രാജിവച്ച സാഹചര്യം പൂർണമായി മാറിയിട്ടില്ലെന്നാണ് മോഹൻലാൽ ഇന്നലെ പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്നായിരുന്നു പൊതുവിൽ ഉയർന്ന ആവശ്യം. കമ്മിറ്റിയിൽ കൂടുതൽ സ്‌ത്രീകൾ വേണമെന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്നും അഭിപ്രായം ഉയർന്നു. പുതിയതലമുറ ഭാരവാഹിത്വത്തിലേക്ക് വരണമെന്നും അദ്ധ്യക്ഷസ്ഥാനത്ത് ഇരിക്കുമ്പോൾ നേരിടേണ്ടിവരുന്ന വിഷമങ്ങളും പ്രതിസന്ധികളും എല്ലാവരും മനസിലാക്കണമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.