'ഇനി സിനിമയിൽ അഭിനയിക്കില്ലേ?' മമിതയുടെ ചോദ്യത്തിന് വിജയ് നൽകിയ മറുപടി ഏറ്റെടുത്ത് ആരാധകർ

Monday 23 June 2025 3:43 PM IST

ജനനായകൻ എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി മമിത ബൈജു. അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലാണ് മമിത ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞത്. സിനിമയിൽ തുടരുമോ എന്ന തന്റെ ചോദ്യത്തിന് വിജയ് നൽകിയ മറുപടിയെപ്പറ്റിയും നടി വെളിപ്പെടുത്തി. ഈ മറുപടി ഇപ്പോൾ ആരാധക‌ർ ഏറ്റെടുത്തിരിക്കുകയാണ്.

'ജനനായകൻ അവസാനമായി ചെയ്യുന്ന സിനിമ ആയിരിക്കുമോ എന്ന് ഞാൻ വിജയ് സാറിനോട് നേരിട്ട് ചോദിച്ചു. എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്നും പറഞ്ഞു. അപ്പോൾ സാർ പറഞ്ഞത് എല്ലാം 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചായിരിക്കും എന്നാണ്. ഷൂട്ടിംഗിന്റെ അവസാന ദിവസം ഞാനും അണിയറ പ്രവർത്തകരുമെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്. അദ്ദേഹവും വികാരാധീനനായി. എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കാനൊന്നും നിന്നില്ല '- മമിത പറഞ്ഞു.

എച്ച് വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്‌തിരിക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒമ്പതിന് തീയേറ്ററുകളിലെത്തും. ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻകെയുമാണ് സഹനിർമാണം.