പത്ത് വയസുകാരിക്കെതിരെ  മോഷണക്കുറ്റം; ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് മർദ്ദിച്ചു

Monday 23 June 2025 6:47 PM IST

നെല്ലൂർ: പത്ത് വയസുള്ള ആദിവാസി ബാലികയ്ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് അയൽവാസികളുടെ മർദ്ദനം. ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ചായിരുന്നു മർദ്ദിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് കുട്ടിക്കു നേരെ അയൽവാസികളുടെ ആക്രമണം.

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ കകർലാഡിബ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. ഗണ്ടല ചെഞ്ചമ്മയെന്ന കുട്ടിയെ മോഷണ കുറ്റം നിർബന്ധിച്ച് സമ്മതിപ്പിച്ചെങ്കിലും, പിന്നീട് പങ്കില്ലെന്ന് തെളിഞ്ഞു. മാതാപിതാക്കളില്ലാത്ത ചെഞ്ചമ്മ അമ്മായിയുടെ സംരക്ഷണയിലാണ് താമസിച്ചിരുന്നത്.

അയൽവാസികൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചൂടുള്ള ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും തവി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതായും നാട്ടുകാർ ആരോപിച്ചു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർ കുട്ടിയെ രക്ഷിക്കുമ്പോൾ ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി. ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്രി. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ അമ്മായി ഉൾപ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു.