16 ദിവസം കഴിഞ്ഞാല്‍ പാചകവാതക വിതരണം തടസ്സപ്പെടുമോ; അവശേഷിക്കുന്നത് പരിമിത സ്റ്റോക് മാത്രം

Monday 23 June 2025 7:23 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിതരണം തടസ്സപ്പെടാനുള്ള സാദ്ധ്യത ശക്തം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായി തുടരുന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന മൊത്തം പാചകവാതകത്തിന്റെ 66 ശതമാനവും ഈ മേഖലയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണെങ്കില്‍ അത് പാചക വാതകത്തെയാകും ഇന്ത്യയില്‍ കൂടുതല്‍ ബാധിക്കുക.

33 കോടി വീടുകളിലാണ് നിലവില്‍ എല്‍പിജി ഉപയോഗിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആകെ ഇറക്കുമതി ചെയ്യുന്നതില്‍ 90 ശതമാനത്തിന് മുകളിലും എത്തിക്കുന്നത് പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നാണ്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇറക്കുമതി. റിഫൈനറികള്‍, ഇറക്കുമതി ടെര്‍മിനലുകള്‍, ബോട്ടിലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലായാണ് നിലവില്‍ എല്‍പിജി സംഭരിക്കുന്നത്. 16 ദിവസത്തേയ്ക്കുള്ള സ്റ്റോക് മാത്രമേ അവശേഷിക്കുന്നുള്ളൂ.

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും സാധനം ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിയുമെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതിന് സമയവും ചെലവും കൂടുതലാണ്. പൈപ്പ് ലൈന്‍ വഴിയുള്ള പ്രകൃതി വാതകം ഉപയോഗിക്കുന്നവരുടെ എണ്ണമാകട്ടെ ഇന്ത്യയില്‍ വെറും 15 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ്. അതേസമയം മേഖലയിലെ പ്രതിസന്ധി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കില്ല.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ പ്രതിസന്ധിയുണ്ടായാലും ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നതിനാല്‍ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. പെട്രോള്‍ ഉപയോഗത്തിന്റെ 40 ശതമാനവും ഡീസല്‍ ഉപയോഗത്തിന്റെ 30 ശതമാനവും കയറ്റി അയക്കുന്നുമുണ്ട്. ആവശ്യമെങ്കില്‍ കയറ്റുമതി കുറച്ച് രാജ്യത്തെ ആവശ്യത്തിനായി ഉപയോഗിക്കാനും കഴിയും.