കടയ്ക്കാവൂരിൽ തെരുവുനായ ശല്യം രൂക്ഷം

Tuesday 24 June 2025 12:03 AM IST

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. സ്കൂൾ വിദ്യാർത്ഥികളെയും പ്രദേശവാസികളെയും വ്യാപാരികളെയും റെയിൽവേ യാത്രക്കാരെയും ഇത് ബുദ്ധിമുട്ടിലാക്കുന്നു. നാല് കിലോമീറ്ററോളമുള്ള റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണ്. വിജനമായ റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാരാണ് മിക്കവാറും നായ്ക്കളുടെ അക്രമത്തിന് ഇരയാകുന്നത്. വാഹനങ്ങൾക്ക് പുറകെ കൂട്ടത്തോടെ ഓടുന്നത് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലാക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾ, ചന്ത, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതലും കാൽനടയായാണ് ആളുകൾ സഞ്ചരിക്കുന്നത്. നഗരങ്ങളിൽനിന്ന് പിടികൂടുന്ന നായകളെ ഈ മേഖലകളിൽ കൊണ്ടുവന്ന് വിടുന്നതായും നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.

നായ്ക്കളെ ഭയക്കേണം

വിദ്യാർത്ഥികളും പ്രായമായവരും നായ്ക്കളെ ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നായ്ക്കൾറോഡരികിൽ ചത്തുകിടന്നാൽ അതിനെ മറവ് ചെയ്യാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. ചുരുക്കം ഇവിടത്തെ ചിലവ്യാപാരികളാണ് മറവ് ചെയ്യാൻ മുൻകെെ എടുക്കുന്നത്. കടത്തിണ്ണകളിലും റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിലും നായ്ക്കൾ കൂട്ടത്തോടെ കിടക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

അപകടങ്ങളും കുറവല്ല

ഇരുചക്രവാഹന യാത്രക്കാർക്ക് രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. കൂട്ടമായി നിൽക്കുന്ന നായകൾ വാഹനങ്ങൾക്ക് പുറകെ ഓടുന്നതും അപകടങ്ങളുണ്ടാക്കുന്നു. തെരുവുനായ ശല്യത്തിന് പുറമെ റോഡിലേക്ക് വളർന്നു കിടക്കുന്ന കുറ്റിച്ചെടികൾ റോഡിനെ മറച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരണം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരവും ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് തെരുവുനായകൾ കൂട്ടത്തോടെ കെെയടക്കിയിരിക്കുന്നത്.ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നതേയില്ല.

ആദർശ്.എസ്,​ സാമൂഹ്യപ്രവർത്തകൻ