യു എസിന്റെ ആക്രമണത്തെ അപലപിച്ച് റഷ്യ, ഇറാനെ സഹായിക്കാൻ ശ്രമിക്കുമെന്ന് പുട്ടിൻ
മോസ്കോ : ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തെ അപലപിച്ച് റഷ്യ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുട്ടിൻ പറഞ്ഞു. ഇറാൻജനതയെ സഹായിക്കാൻ റഷ്യ ശ്രമിക്കുകയാണെന്നും പുട്ടിൻ വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ യു.എസ് ബോംബർ വിമാനങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മോസ്കോയിലെത്തി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഇറാന് നേരെ വ്യാപക ആക്രമണം ഇസ്രയേൽ ഇന്നും തുടർന്നു.ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ, ഇസ്ലാമിക് റെവല്യൂണറി ഗാർഡ് കോറിന്റെയും ആഭ്യന്തര സുരക്ഷാസേനയുടെയും ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലായി നൂറിലേറെ ബോംബുകളിട്ടു. യു.എസ് ബോംബിട്ട ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രത്തെയും സമീപ പ്രദേശങ്ങളെയും ആക്രമിച്ചു. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങൾക്കു നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായെങ്കിലും അയൺഡോം മിക്കതും തകർത്തു. ചിലത് ജനവാസമേഖലയിൽ പതിച്ചെന്നും റിപ്പോർട്ടുണ്ട്.