ജില്ലയിൽ രണ്ടാമത്തെ എ.ബി.സി സെന്റർ തുടങ്ങാൻ വൈകും

Tuesday 24 June 2025 1:46 AM IST

ആലപ്പുഴ : പേവിഷ ബാധ മരണങ്ങളും തെരുവുനായ് ആക്രമണങ്ങളും ആവർത്തിക്കുമ്പോഴും ആലപ്പുഴ നഗര പരിധിയിൽ തുടങ്ങുന്ന ജില്ലയിലെ രണ്ടാമത്തെ എ.ബി,സി സെന്റർ പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം. മാലിന്യ സംസ്കരണ സംവിധാനവും സെപ്റ്റിക് ടാങ്കും മൃഗാശുപത്രിയുമായി വേർതിരിച്ചുള്ള മതിലുമുൾപ്പെടെ സജ്ജമാക്കിയാലേ സെന്റർ പ്രവർത്തിപ്പിക്കാനാകൂ.

ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുവശത്തെ മതിലുൾപ്പെടെയുള്ള സൗകര്യങ്ങൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡറിലേക്ക് കടന്നെങ്കിലും നിർമ്മാണം പൂർത്തിയാക്കാൻ ആഗസ്റ്റെങ്കിലുമാകും. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിലാരംഭിച്ച ആദ്യ എ.ബി.സി സെന്ററിൽ കടക്കരപ്പള്ളി പഞ്ചായത്തിലെ തെരുവ്നായ്ക്കളുടെ വന്ധ്യംകരണം നടന്നുവരുന്നതാണ് അൽപ്പമെങ്കിലും ആശ്വാസം.

ആലപ്പുഴ നഗരസഭ, പുന്നപ്ര നോർത്ത്, സൗത്ത്, മണ്ണഞ്ചേരി, മുഹമ്മ, അമ്പലപ്പുഴസൗത്ത്, നോർത്ത്, കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകൾ എന്നിവയെ ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തും നഗരസഭയും ചേർന്ന് ആലപ്പുഴ നഗരത്തിൽ എ.ബി.സി സെന്റർ ആരംഭിക്കുന്നത്.

കണിച്ചുകുളങ്ങര എ.ബി.സി സെന്ററിനൊപ്പം കെട്ടിടം നിർമ്മാണവും ഡോക്ടറൊഴികെയുള്ള ജീവനക്കാരുടെ നിയമനവും നടന്ന ഇവിടെ പിടികൂടുന്ന നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള 60 ഓളംകൂടുകളും സജ്ജമാക്കിയിട്ടുണ്ട്. കോടതിപ്പാലത്തിന് സമീപത്ത്നിന്നും മൃഗാശുപത്രികൂടി ഇവിടേക്ക് മാറ്റിയതോടെ നായ്ക്കളുൾപ്പെടെ വളർത്തുമൃഗങ്ങളും പക്ഷികളുമായി പൊതുജനങ്ങളെത്തുന്നതിനാൽ ആശുപത്രിയെയും എ.ബി.സി സെന്ററിനെയും വേർതിരിച്ച് മതിൽ നിർമ്മിക്കേണ്ടതുണ്ട്. പ്രാഥമികാവശ്യങ്ങൾക്ക് സെപ്റ്റിക് ടാങ്കും ഇവിടെ സ്ഥാപിക്കണം. ഇതിനായി പത്ത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

10ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

 തെരുവുനായ് ശല്യം വർദ്ധിച്ച ജില്ലയുടെ തെക്കൻ മേഖലയിൽ മുതുകുളത്തും എ.ബി.സി സെന്റർ ആരംഭിക്കും

 മുതുകുളം ബ്ളോക്ക് പഞ്ചായത്ത് വാങ്ങി നൽകിയ 20 സെന്റ് സ്ഥലത്താകും സെന്റർ നിർമ്മാണം

 സ്റ്രീൽ ഇൻൻഡസ്ട്രീസ് ലിമിറ്റഡ് കേരള നിർമ്മിച്ച് നൽകുന്ന പ്രീഫാബ്രിക്കേറ്റഡ് സ്ട്രക്ചറിലായിരിക്കും നിർമ്മിതി

 ഇത് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതിനാൽ കാലതാമസം കൂടാതെ പദ്ധതി ആരംഭിക്കാമെന്നാണ് കരുതുന്നത്

 മുതുകുളം, ഹരിപ്പാട് ബ്ളോക്കുപഞ്ചായത്ത് പരിധിയിലെ തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിന് ഇത് പ്രയോജനപ്പെടും

 മാവേലിക്കര, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തുകൾ ലക്ഷ്യമാക്കി താമരക്കുളത്തും എ.ബി.സി സെന്റർ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്

പേവിഷ ബാധയേറ്റും തെരുവ് നായ് ആക്രമണത്തിലും ജില്ലയിൽ മരിച്ചവർ

 തകഴി സ്വദേശി സൂരജ് (17)

 ചേർത്തല സ്വദേശിനി ലളിത (63)

 ചാരുംമൂട് സ്വദേശി സാവൻ ബി. കൃഷ്ണ (ഒൻപത്)

 തകഴി സ്വദേശിനി കാർത്ത്യായനി

 ഹരിപ്പാട് സ്വദേശി ദേവനാരായണൻ

ജനനനിയന്ത്രണവും പേവിഷ പ്രതിരോധവും സാദ്ധ്യമാകുന്നതിലൂടെ ഭാവിയിലെങ്കിലും തെരുവ് നായ ആക്രമണത്തിന് അറുതിയാകുമെന്ന ആശ്വാസത്തിലാണ്

- പ്രദേശവാസികൾ