കുരുമുളക് ഗ്രാമമാകാൻ കഞ്ഞിക്കുഴി

Tuesday 24 June 2025 12:48 AM IST

ആലപ്പുഴ: കുരുമുളക് കൃഷിയിൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും കുരുമുളക് തൈ എത്തിക്കാനുള്ള 'കുരുമുളക് ഗ്രാമം' പദ്ധതിക്ക്‌ കഞ്ഞിക്കുഴിയിൽ തുടക്കം. കൃഷിക്ക് ഏറ്റവും അനുയോജ്യമായ ജൂൺ, ജൂലായ് മാസങ്ങളിൽ 19 വാർഡുകളിലെ എല്ലാ വീടുകളിലും കൃഷി ആരംഭിക്കും. ഇതിനായി ഓരോവീട്ടിലേക്കും അയൽക്കൂട്ടങ്ങൾ വഴി എട്ട് തൈകൾ വീതം വിതരണം ചെയ്യുന്നത് പുരോഗമിക്കുകയാണ്. അധികം പരിചരണം ആവശ്യമില്ലാത്തതും ഗുണമേന്മയുള്ള വിളവ് നൽകുന്നതുമായ 'പന്നിയൂർ' ഇനത്തിൽപ്പെട്ട തൈകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.

കുരുമുളക് കൃഷിയിൽ സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞാൽ വീട്ടാവശ്യം കഴിഞ്ഞുള്ളവ വിപണിയിൽ വിറ്റഴിക്കാനും മുല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുമുള്ള പദ്ധതികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ പറഞ്ഞു.

തൈകൾ സൗജന്യം

 പഞ്ചായത്ത് പരിധിയിലെ 9000 ത്തിലധികം കുടുംബങ്ങളിലേക്ക് സൗജന്യമായാണ് തൈകൾ നൽകുന്നത്

 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.  ഒരു കുടുംബത്തിന് ആവശ്യമുള്ള കുരുമുളക് വീട്ടുവളപ്പിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം

ചെടികളുടെ തുടർപരിചരണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കൃഷിഭവൻ മുഖേന ഉറപ്പാക്കും

-റോസ്മി ജോർജ്, കൃഷി ഓഫീസർ