സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ വധശ്രമം: ബി.ജെ.പി പ്രവർത്തകർക്ക് 21 വർഷം വീതം തടവ്

Monday 23 June 2025 9:51 PM IST

തലശേരി: സി.പി.എം പുന്നോൽ ബ്രാഞ്ച് സെക്രട്ടറിയായ എം. പ്രകാശനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരായ പത്ത് പ്രതികൾക്ക് 21 വർഷവും ഏഴുമാസവും വീതം തടവും 6,75,000 രൂപ വീതം പിഴയും കോടതി വിധിച്ചു. തലശ്ശേരി അഡീഷണൽ അസി. സെഷൻസ് കോടതി ജഡ്ജി എം. ശ്രുതി ആണ് ശിക്ഷിച്ചത്. പുന്നോലിൽ കാറോത്ത് താഴെ ഹൗസിൽ കെ.ടി.ദിനേഷ് എന്ന പോച്ചിറ ദിനേഷൻ (45), പുന്നോൽ നികുഞ്ചം ഹൗസിൽ വി.വി.പ്രവീൺകുമാർ എന്ന പ്രവീൺ (58), കൊമ്മൽവയലിൽ ശ്രീ ശങ്കരാലയത്തിൽ കെ.രൂപേഷ് (38), പുന്നോൽ ബഗ്ലയിൽ ഹൗസിൽ ഗിരിജേഷ് (43), വയലളം ടെമ്പിൾഗേറ്റിലെ കടുമ്പേരി ഹൗസിൽ കെ.സി പ്രഷീജ് (47), ടെമ്പിൾഗേറ്റ് പുരക്കണ്ടി ഹൗസിൽ ഷിജേഷ് എന്ന ഷിജു (42), പുന്നോൽ കൽപാറ പയ്യനാടൻ ഹൗസിൽ കെ.പി.കനേഷ് (40), പുന്നോലിന് സമീപം ശ്രീനാരായണ മഠത്തിൽ പയ്യനാടൻ നികേഷ് (34), വയലളം ടെമ്പിൾഗേറ്റിൽ രാജശ്രീ ഭവനത്തിൽ സി.പി.രാധാകൃഷ്ണൻ എന്ന കല്ലുണ്ണി രാധാകൃഷ്ണൻ (54), പുന്നോൽ വട്ടക്കണ്ടി ഹൗസിൽ വി.സുദീഷ് എന്ന സുദി (36) എന്നിവരാണ് പ്രതികൾ.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി. പ്രകാശൻ ഹാജരായി. തലശ്ശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എം.പി വിനോദ് ആണ് കുറ്റപത്രം സമർപ്പിച്ചത്. 2009 ഫെബ്രുവരി 15ന് രാത്രി എട്ടിന് പുന്നോൽ റേഷൻപീടികയ്ക്ക് സമീപമാണ് ഒന്നു മുതൽ 10 വരെയുള്ള പ്രതികൾ രാഷ്ട്രീയ വിരോധം കാരണം മാരകായുധങ്ങളായ വാൾ, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് കഴുത്തിനും കാലിനും വെട്ടിപ്പരിക്കേൽപ്പിച്ചത്.