ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ തുടങ്ങി
ന്യൂഡൽഹി: സംഘർഷ പശ്‌ചാത്തലത്തിൽ ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരെയും
ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കാൻ തുടങ്ങി. ഇസ്രായേലിൽ നിന്ന് റോഡ് മാർഗം ജോർദാൻ തലസ്ഥാനമായ അമ്മാനിലെത്തിയ 161 യാത്രക്കാരുമായി ആദ്യ ബാച്ച് ഇന്നലെ രാത്രി ഡൽഹിയിലിറങ്ങി. ഇറാനിൽ നിന്ന് മലയാളികൾ അടക്കം യാത്രക്കാരുമായി രണ്ട് വിമാനങ്ങൾ ഇന്നലെ വന്നു.
സംഘർഷം കാരണം ഇസ്രായേലിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ വരും ദിവസങ്ങളിൽ ഒഴിപ്പിക്കും. ഇസ്രായേലിന്റെ വ്യോമാതിർത്തി അടച്ചതിനാൽ, റോഡ് മാർഗം ജോർദാനിനും ഈജിപ്‌തിലും എത്തിച്ച് അവിടെ നിന്ന് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. റോഡ് മാർഗം അതിർത്തി കടക്കുന്നവർ പരിശോധനകൾക്ക് വിധേയമാകും. ഇതിനായി ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്‌ത് അനുമതിപത്രം കരസ്ഥമാക്കാൻ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം 7: 30 ന് ഇറാനിലെ മഷ്ഹാദിൽ നിന്ന് രണ്ട് മലയാളികൾ അടക്കം 280 ഇന്ത്യക്കാരുമായി മഹാൻ എയർ വിമാനം ഡൽഹിയിലെത്തി. ജമ്മുകാശ്‌മീരിൽ നിന്നുള്ള 200ൽ അധികം വിദ്യാർത്ഥികളുമുണ്ട്.
കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി റഷീദ് മുതിരക്ക തറമ്മേൽ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇംതിയാസ് ചക്കാലയ്‌ക്കൽ എന്നിവരാണ് മലയാളികൾ. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ടെഹ്‌റാനിൽ എത്തിയതായിരുന്നു ഇരുവരും. റഷീദ് ഇന്നലെ രാത്രി 9.40 നുള്ള വിമാനത്തിൽ കണ്ണൂരിലേക്ക് പുറപ്പെട്ടു.മുഹമ്മദ് ഇംതിയാസ് ഇന്ന് പുലർച്ചെയുള്ള വിമാനത്തിൽ കൊച്ചിയിലേക്ക് പോകും.ഇറാനിൽ നിന്നുള്ള ഇന്നലത്തെ രണ്ടാമത്തെ വിമാനം പുലർച്ചെ ഒരു മണിക്ക് ശേഷമാണ് ഡൽഹിയിലിറങ്ങിയത്.285 ഇന്ത്യൻ പൗരന്മാരുമായി മഷ്ഹാദിൽ നിന്നുള്ള പ്രത്യേക വിമാനം 22 ന് രാത്രി 11.30 ന് ന്യൂഡൽഹിയിൽ എത്തിയിരുന്നു.