എയർ ഇന്ത്യ എക്സപ്രസിൽ വീണ്ടും സിഗ്നൽ തകരാർ,​ ശ്രീനഗറിലേക്കുള്ള വിമാനം ലാൻഡ് ചെയ്യാതെ മടങ്ങി

Monday 23 June 2025 10:50 PM IST

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള എയർ ഇന്ത് എക്സ്പ്രസ് വിമാനം സിഗ്നൽ തകരാറിനെ തുടർന്ന് ലാൻഡ് ചെയ്യാനാവാതെ മടങ്ങി. തിങ്കളാഴ്ച വൈകിട്ട് പുറപ്പെട്ട ഐ.എക്സ് 2564 വിമാനമാണ് ജമ്മു വിമാനത്താവളത്തിൽ ഇറങ്ങാതെ തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങിയത്. വിമാനത്തിലെ ജി.പി.എസ് സിഗ്നലുകളിൽ ഉണ്ടായ തടസമാണ് മുൻകരുതൽ നടപടിയെടുക്കാൻ കാരണമായത്. യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെ ജമ്മുവിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം. ജമ്മു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് ജി.പി.എസ് സംവിധാനത്തിന്റെ സിഗ്നൽ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം കുറച്ചുനേരം ജമ്മു വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നതിന് ശേഷം ലാൻഡ് ചെയ്യാതെ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു .കാലാവസ്ഥാ പ്രശ്നങ്ങളോ റൺവേ തകരാറുകളോ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ പൈലറ്റിന് സാധിച്ചില്ലെന്നുമാണ് റിപ്പോർട്ട്. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ എക്സപ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.