ഏകീകൃത പെൻഷൻ: ഓപ്ഷൻ തീയതി സെപ്‌തംബർ വരെ നീട്ടി
Tuesday 24 June 2025 12:54 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതിയിൽ (യു.പി.എസ്) ചേരാൻ ഓപ്ഷൻ നൽകാനുള്ള സമയപരിധി സെപ്തംബർ 30 വരെ നീട്ടി. ജൂൺ 30വരെ ആയിരുന്നു നേരത്തെ നൽകിയിരുന്ന സമയം. ഏപ്രിൽ ഒന്നുമുതലാണ് പദ്ധതി നടപ്പാക്കിയത്.
2025 ഏപ്രിൽ ഒന്നിന് സർവീസിലുള്ളവരും എൻ.പി.എസ് പദ്ധതിയിൽ ഉൾപ്പെടുന്നവരുമായ ജീവനക്കാർ, 2025 ഏപ്രിൽ ഒന്നിന് അല്ലെങ്കിൽ അതിനുശേഷം സർവീസിൽ ചേരുന്നവർ, എൻ.പി.എസിന് കീഴിലുണ്ടായിരുന്ന 2025 മാർച്ച് 31നോ അതിനുമുമ്പോ വിരമിച്ചവർ എന്നിവർക്കാണ് പദ്ധതിയിൽ ചേരാൻ അർഹത. യു.പി.എസ് ഓപ്ഷൻ സ്വീകരിക്കുന്നതിനു മുൻപ് മരിച്ച ജീവനക്കാരുടെ പങ്കാളിക്കും അർഹതയുണ്ടാകും.